സോഷ്യൽ മീഡിയയിൽ അതിക്രൂരമായ തരത്തിൽ ബോഡി ഷെയ്മിംഗിന് ഇരയാക്കപ്പെട്ടിട്ടുള്ള സെലിബ്രിറ്റികളിലൊരാളാണ് സമീറ റെഡ്ഡി. പ്രസവശേഷം വണ്ണം വച്ചതാണ് താരത്തെ അതിക്രൂരമായ ട്രോളുകൾക്കിരയാക്കിയത്. ബോഡി ഷെയ്മിംഗിനെക്കുറിച്ചും അതിനെ കരുത്തോടെ നേരിട്ട് അതിജീവിച്ചതിനെക്കുറിച്ചും മനസു തുറക്കുകയാണ് സമീറ റെഡ്ഡി. കിഡ്സ് സ്റ്റോപ്പ് പ്രെസ്സ് ഓൺലൈൻ നടത്തിയ സിംപ്ലിഫൈയിങ് പാരന്‍റിങ് പരിപാടിയിൽ സംസാരിക്കവെ താരം നടത്തിയ ഏഴു മിനിറ്റ് നീണ്ട പ്രസംഗമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
തടിച്ച ശരീരപ്രകൃതം കാരണം പലയിടത്തു നിന്നും ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നുവെന്ന് തന്റെ പതിനാലാം വയസിലെ ചിത്രം കാട്ടിക്കൊണ്ടാണ് സമീറ പ്രസംഗം ആരംഭിച്ചത്. ഏറെ പണിപ്പെട്ട് തനിക്കിഷ്ടപ്പെടുന്ന തരത്തിൽ തന്നെ ഒരു ഗ്ലാമർ ഗേളായി മാറ്റിയെടുക്കുകയായിരുന്നു. ഫേക്ക് ഇറ്റ് യൂ മേക്ക് ഇറ്റ് എന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. സമൂഹം സ്നേഹിക്കുന്നതിനായി ശരീരത്തിൽ മാറ്റം വരുത്തിയെന്നും സമീറ പറയുന്നു.
ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയ ശേഷം താൻ വിഷാദരോഗത്തിനടിമയായെന്നും താരം തുറന്നു പറഞ്ഞു. ഹോർമോൺ വ്യതിയാനം മൂലം ശരീരഭാരം വര്‍ധിച്ചത് ഉള്‍ക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഭർത്താവ് ഉൾപ്പെടെയുള്ളവർ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു, പക്ഷേ പ്രസവാനന്തര വിഷാദം അത്ര നിസാരമായിരുന്നില്ല എന്ന് സമീറ പറയുന്നു. കുഞ്ഞിനെ എടുക്കാൻ പോലും തോന്നിയില്ല. കണ്ണാടി നോക്കി കരയുമായിരുന്നു. രണ്ടാം തവണ ഗർഭിണിയായപ്പോഴാണ് ഗര്‍ഭകാലം ആഘോഷിക്കണമെന്ന ചിന്തയിൽ എത്തിയത്.
ഇക്കാര്യം കൊണ്ടാണ് ബോഡി ഷെയ്മിംഗ് ഉണ്ടായപ്പോൾ ശക്തമായി പ്രതികരിച്ചത്. യഥാർഥ സ്ത്രീത്വം ഇപ്പോള്‍ ആഘോഷിക്കുകയാണ്. പലപലജോലികള്‍ ഒരേസമയം ചെയ്യാൻ കഴിവുള്ള സ്ത്രീകളേ നിങ്ങൾ സൂപ്പറാണ്. ശരീരത്തെ ആഘോഷിക്കൂ.. പ്രസവാനന്തരം വയറ്റിലുള്ള പാടുകള്‍ യോദ്ധാവിന്റെ മുറിപ്പാടായി കണ്ട് അഭിമാനിക്കണമെന്നും താരം പറഞ്ഞു നിർത്തി.