കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പിന്‍റെ ഫൈനൽ വേദിയിൽ ഗൾഫ് ഫുട്ബോളിലെ ഇതിഹാസ താരങ്ങളെ ആദരിക്കാൻ പദ്ദതിയിടുന്നതായി ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ (ഗൾഫ് സെയ്ൻ 26) സുപ്രീം കമ്മിറ്റി ചെയർമാനുമായ അബ്ദുൾറഹ്മാൻ അൽ മുതൈരി അറിയിച്ചു. ജനുവരി 4നാണ് അറേബ്യൻ ഗൾഫ് കപ്പിന്‍റെ ഫൈനൽ നടക്കുക. സമ്പന്നമായ ഫുട്ബോൾ പാരമ്പര്യം ആഘോഷിക്കുന്നതിനും ഗൾഫ് രാജ്യങ്ങൾക്കിടയിൽ കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ഗൾഫിന് ഗണ്യമായ സംഭാവന നൽകിയ ഇതിഹാസ താരങ്ങളുടെ നേട്ടങ്ങൾ അംഗീകരിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ബഹുമതിയെന്ന് അൽ മുതൈരി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല എന്നിവരുടെ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഇത്തരമൊരു പദ്ദതി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി ങ്കെടുക്കുന്ന രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകളോട് അവരുടെ ഫുട്ബോൾ ഇതിഹാസങ്ങളിൽ ഒരാളെ നാമനിർദ്ദേശം ചെയ്യാൻ ആവശ്യപ്പെട്ടു. ഈ നോമിനികളെ ഫൈനൽ മത്സരത്തിൽ ആദരിക്കും.