ടിബറ്റിലെ റോഡ് വികസനത്തിന്റെ മറവിൽ നേപ്പാളിന്റെ ഭൂമിയിൽ ചൈന അനധികൃത കൈയ്യേറ്റം നടത്തുന്നതായി റിപ്പോർട്ട്.
ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിലെ നേപ്പാളിന്റെ 36 ഹെക്ടർ ഭൂമിയാണ് നാല് വ്യത്യസ്ത ഇടങ്ങളിലായി ചൈന കൈയ്യേറിയിരിക്കുന്നത്.
നേപ്പളിലേക്ക് ഒഴുകുന്ന ജലാശയങ്ങളുടെ ദിശാവ്യതിയാനം നടത്തിയാണ് ചൈന കൈയ്യേറ്റം നടത്തിയിരിക്കുന്നത്.
ടിബറ്റൻ മേഖലയിൽ നേപ്പാളിന് ഇനിയും 100 ഏക്കറോളം ഭൂമി നഷ്ടപ്പെടുമെന്നും നേപ്പാൾ കാർഷിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ പറയുന്നു.
ഹുമ്ലയിലെ ഭഗ്ദാരെ നദീമേഖലയിൽ നിന്നും ആറ് ഹെക്ടർ ഭൂമിയും കർണാലി നദീമേഖലയിൽ നിന്നും നാല് ഹെക്ടർ ഭൂമിയും ചൈന കൈയ്യേറിയിരിക്കുകയാണ്. ഈ ഭൂമി ഇപ്പോൾ ടിബറ്റിലെ ഫുറാങ് മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സമാനമായ രീതിയിൽ രസുവ ജില്ലയിലെ സാൻജെൻ നദി, ജംബൊഖോല മേഖലയിലെ ഭർജംഗ് നദി എന്നിവിടങ്ങളിൽ നിന്നും ആറ് ഏക്കറോളം ഭൂമിയാണ് കൈയ്യേറിയിരിക്കുന്നത്. ഇവ ഇപ്പോൾ ടിബറ്റിലെ ന്യാലം മേഖലയുടെ ഭാഗമാക്കിയിരിക്കുകയാണ്. സിന്ധുപാൽചൗക്കിലെ ഖരാനെ ഖോലയിലും ബോധെകൊശിയിലും 11 ഹെക്ടറോളം ഭൂമിയാണ് നേപ്പാളിന് നഷ്ടമായിരിക്കുന്നത്.
ചൈനയുടെ പരമാധികാരം നിലനിൽക്കുന്ന ടിബറ്റൻ മേഖലയിലെ റോഡ് വികസനത്തിന്റെ പേരിൽ സംഘ്വാസഭയിലെ 9 ഹെക്ടർ ഭൂമിയും കമുഖോലയിലെയും അരുൺ നദിയിലെയും സുംജുംഗ് നദിയിലെയും ഭൂമിയും തിംഗിസ്യാൻ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
ചൈനയുടെ കൈയ്യേറ്റം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചൈനീസ് അതിർത്തി പ്രദേശങ്ങളിലുടനീളം സർവ്വേ നടത്താൻ തയ്യാറാകുകയാണ് നേപ്പാൾ ഭരണകൂടം.