കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ജനാധിപത്യത്തിന്റെ നാൾവഴികൾ‘ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിനു മുന്നോടിയയാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പിൽ പ്രവാസികളായ മലയാളികളുടെയും ആവേശം നിലനിറുത്തുന്നതിനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. മംഗഫ് കല സെന്ററിൽ വെച്ചു നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന് കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് സജീവ് എബ്രഹാം അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഷാജു വി ഹനീഫ് സ്വാഗതം ആശംസിച്ച ചടങ്ങിന് ക്വിസ് മത്സര സംഘാടക സമിതി കൺവീനർ ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30-ഓളം മത്സരാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല എക്സിക്യുട്ടീവ് അംഗം പ്രസീദ് കരുണാകരൻ നയിച്ച ക്വിസ് മത്സരത്തിൽ സുദർശനൻ കളത്തിൽ ഒന്നാം സമ്മാനവും, സുധാകരൻ ടിആർ രണ്ടാം സമ്മാനവും, സിജു വിൻസന്റ് മൂന്നാം സമ്മാനവും കരസ്ഥമാക്കി. വിജയികൾക്ക് മലയാളം മിഷൻ രജിസ്ട്രാർ സേതുമാധവൻ സമ്മാനങ്ങൾ കൈമാറി. ഇന്നിൽ നിന്നുകൊണ്ട് പിറകിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ചരിത്രമെന്നും, ചരിത്രങ്ങൾ വളച്ചൊടിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ചരിത്രങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഏറെ പ്രശംസനീയമാണെന്നും സമ്മാനദാന വേളയിൽ അദ്ദേഹം പറഞ്ഞു.
കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ രജീഷ് സി നായർ, വിവി രംഗൻ, വിനിത അനിൽ, ആസഫ്, മേഖല കമ്മിറ്റി അംഗങ്ങളായ ജയചന്ദ്രൻ, ബിജോയി, ജയകുമാർ സഹദേവൻ, റിനു വിദ്യാധരൻ സജീവ പ്രവർത്തകരായ രഘു പേരാമ്പ്ര, ജിൻഷ സുനിൽ, കവിത, ലിജ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.