ദുബായ്: കൊറോണയുടെ പുതിയ വകഭേദം യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് വന്നവരിലിലാണ് രോഗം കണ്ടത്. ഇവര്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ ഏത് രാജ്യത്ത് നിന്ന് വന്നവര്‍ക്കാണ് രോഗം ബാധിച്ചത്, എത്ര പേര്‍ക്ക് രോഗം ബാധിച്ചു തുടങ്ങിയ കാര്യങ്ങള്‍ അധികൃതര്‍ വിശദീകരിച്ചില്ല. ബ്രിട്ടനിലാണ് പുതിയ കൊറോണവൈറസ് ആദ്യം കണ്ടത്. ഈ പശ്ചാത്തലത്തില്‍ യുഎഇയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നു എന്ന് യുഎഇ സര്‍ക്കാര്‍ വക്താവ് ഉമര്‍ അല്‍ ഹമ്മദി പറഞ്ഞു.
ബ്രിട്ടന് പുറമെ ദക്ഷിണ ആഫ്രിക്കയിലും പുതിയ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ വിദേശ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനിച്ചിരുന്നു. പുതിയ കൊറോണ അതിവേഗ വ്യാപന സാധ്യതയുള്ളതാണ് എന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് എല്ലാ രാജ്യങ്ങളും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.