ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ആഢംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ

ന്യൂഡൽഹി: കൊറോണ ഭീതിയെ തുടർന്ന് കരയിലേക്കടുപ്പിക്കാതെ ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഢംബരക്കപ്പലിൽ യാത്രക്കാരായ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ റിപ്പോർട്ടും പോസിറ്റീവ് ആയതോടെ കപ്പലിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 175 ആയി. ഇന്ത്യക്കാർക്ക് കൊറോണ ബാധിച്ച കാര്യം ജപ്പാനിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതും ഡയമണ്ട് പ്രിൻസസ് എന്ന ഈ ആഢംബരക്കപ്പലിൽ തന്നെയാണ്. കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കപ്പൽ ക്വാറന്റൈൻ ചെയ്ത് ജപ്പാനിലെ യോക്കോഹാമയിൽ നങ്കൂരമിട്ടത്. കപ്പലില്‍ സഞ്ചരിച്ച് ഹോങ്കോങിൽ ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് യാത്ര നിര്‍ത്തി യാത്രക്കാരെ നിരീക്ഷിക്കാൻ ആരംഭിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.