കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസികളായ ഏഷ്യൻ മധ്യ വർഗ്ഗ കുടുംബങ്ങളെ ലക്ഷ്യമിട്ട് കുവൈത്ത് കേന്ദ്രമാക്കിയുള്ള ടൈംസ് ഷെയര്‍ കമ്പനി.ഇവർക്ക് ഹവാലിയിൽ ഒരു ചെറിയ ഓഫീസും കുവൈറ്റ് സിറ്റിയിൽ ഒരു പ്രധാന ഓഫീസും ഉണ്ട്. തുടക്കത്തിൽ, ഷോപ്പിംഗ് മാൾ പാർക്കിങ് സ്ഥലങ്ങളിൽ കമ്പനി കൂപ്പണുകൾ വിതരണം ചെയ്യുകയും ആളുകളോട് അവരുടെ വിവരങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരാഴ്ചയോ അതിലധികമോ കഴിഞ്ഞ്, പങ്കെടുക്കുന്നവരെ ഫോൺ കോൾ അല്ലെങ്കിൽ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടുകയും 200 പേർ പങ്കെടുത്ത നറുക്കെടുപ്പിൽ വിജയിച്ചതായി അറിയിക്കുകയും ചെയ്യും. 5 കുവൈത്ത് ദീനാർ വൗച്ചറും ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നാല് രാത്രി താമസവും വാഗ്ദാനം ചെയ്ത് ആൾക്കാരെ ഓഫിസിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. സമ്മാനത്തിനർഹരായവർ കപ്പിളുകളായാണ് എത്തേണ്ടത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബങ്ങളെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 175 രാജ്യങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാൻ 35 ദിവസത്തെ പാക്കേജ്, ദമ്പതികൾക്ക് ഒരു വർഷത്തെ ജിം പാക്കേജ്, കുട്ടികൾക്കുള്ള സമ്മർ ക്യാമ്പുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സൗജന്യ ഡിന്നർ നൈറ്റ്സ്, പാർട്ടികൾ, സൗജന്യ ടൂർ ഗൈഡുകൾ, കിഴിവുകൾ, ആതിഥേയ രാജ്യത്ത് സൗജന്യ ഗതാഗതം തുടങ്ങിയ ഓഫറുകളുമായാണ് കമ്പനി ഇവരെ ആകർഷിക്കുന്നത്.
പണം നൽകിക്കഴിഞ്ഞാൽ, കമ്പനിയുടെ പ്രതികരണം മന്ദഗതിയിലാകുകയും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിരവധി ഫോളോ-അപ്പുകൾ ആവശ്യമാണെന്ന് പറഞ്ഞ് കബളിപ്പികയുമാണ് ചെയ്യുന്നത്. വഞ്ചിക്കപ്പെട്ടുവെന്ന് ഇരകൾ മനസ്സിലാക്കുമ്പോഴേക്കും പണവുമായി ഇവർ മുങ്ങിയിരിക്കും. ഈ കമ്പനി മുമ്പ് ദുബായിലും ഖത്തറിലും സമാനമായ പദ്ധതികൾ നടപ്പാക്കി നിരവധി പേരെ കബളിപ്പിച്ച് പണവുമായി മുങ്ങിയിരുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കാനാണ് മുന്നറിയിപ്പ്.