ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മെഗാ ഗൾഫ് റെയിൽവേ പദ്ധതി 2030ൽ പൂർത്തിയാകും

0
89

കുവൈത്ത് സിറ്റി: സാമ്പത്തിക കുതിപ്പ് ലക്ഷ്യമിട്ടു കൊണ്ടുള്ള ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ദീർഘകാല മെഗാ ഗൾഫ് റെയിൽവേ പദ്ധതി കുവൈത്തിൻ്റെ ഭാഗത്ത് നിന്ന് 2030 ഡിസംബറിൽ പൂർത്തിയാകുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് മെഗാ ഗൾഫ് റെയിൽവേ പദ്ധതി. കമ്പനികൾക്ക് സമഗ്ര പ്രോജക്ട് പ്ലാൻ വികസിപ്പിക്കാനും റെയിൽവേയുടെ പ്രവർത്തന വശങ്ങൾ പരിശോധിക്കാനുമുള്ള നടപടികൾ ജിസിസി റെയിൽവേ അതോറിറ്റി ആരംഭിച്ചു. ബിഡ്ഡുകൾ സമർപ്പിക്കാൻ ജൂലൈ 7 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ട്രെയിനിന്റെ വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. ഇതോടെ കുവൈറ്റിൽ നിന്ന് റിയാദിലേക്ക് യാത്ര ചെയ്യാൻ 150 മിനിറ്റ് മാത്രമേ എടുക്കൂ എന്ന് സെൻ്റർ ഫോർ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ അതിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അറിയിച്ചു. ഈ പദ്ധതി ജിസിസി രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര വ്യാപ്‌തി ഗണ്യമായി വർദ്ധിപ്പിക്കുമെന്നും മേഖലയ്‌ക്കുള്ളിൽ സാമ്പത്തിക ഏകീകരണം കൈവരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും സാമ്പത്തിക വിദഗ്ധൻ അലി അൽ-എൻസി കുവൈറ്റ് ടൈംസിനോട് പറഞ്ഞു