“ഞാൻ നുജൂദ്, വയസ് പത്ത്, വിവാഹമോചിത”

നുജൂദ് അലിയുടെ ആത്മകഥയില്‍ നിന്ന്

0
28

യമനിലെ നിലവിലുള്ള വിവാഹ വ്യവസ്ഥയെ തന്നെ മാറ്റിമറിക്കാൻ കാരണമായ ഒരു കൊച്ചു പെൺകുട്ടിയുണ്ട്.യുദ്ധവും കലാപങ്ങളും ദാരിദ്ര്യവും നിറഞ്ഞ യമനിലെ ഖാർഡ്ജിയെന്ന കുഗ്രാമത്തിൽ വളർന്ന്, ഒൻപതാമത്തെ വയസ്സിൽ മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി വിവാഹിതയായി. തന്റെ പത്താമത്തെ വയസ്സിൽ വിവാഹ മോചനം നേടി ലോകത്തിലെ തന്നെ ശൈശവ വിവാഹങ്ങൾക്ക് തിരിച്ചറിവിന്റെ ജ്വാല പകർന്ന നുജൂദ് അലി.അവളുടെ ജീവിതത്തിന്റെ പുസ്തകമാണ്.”ഞാൻ നുജൂദ്, വയസ് പത്ത്, വിവാഹമോചിത”. നുജൂദ് അലിയും ഡെൽഫിൻ മിനായിയും കൂടി ചേർന്നെഴുതിയ പുസ്തകം ലോക ചരിത്രത്തിൽ തന്നെ സംഭവമായി. യമനിലെ യാഥാസ്ഥിക കുടുബത്തിൽ അലി മുഹമ്മദ്-ഷോയ ദമ്പതികളുടെ മകൾ ആയിരുന്നു നുജൂദ്.അവളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ അവൾ ഋതുമതി പോലുമായിരുന്നില്ല.വിവാഹ ജീവിതം എന്തെന്ന് അറിയാത്ത പ്രായത്തിൽ തന്നേക്കാൾ ഒരുപാട് പ്രായം കൂടിയ ഒരു മനുഷ്യന്റെ ഭാര്യ ആകേണ്ടി വന്നവൾ.

തന്റെ ഉമ്മയുടെ പതിനഞ്ചാമത്തെ സന്തതി.ഒൻപതാമത്തെ വയസ്സിൽ അവൾ ഫൈസ് അലി താമർ എന്ന മുപ്പത്തിയൊന്നു വയസ്സുകാരന്റെ ഭാര്യയായി.ആദ്യ രാത്രിയിൽ തന്നെ അയാൾ അവളെ ക്രൂരമായി മാനഭംഗം ചെയ്തു.രാത്രികളിൽ അയാളെ ഭയന്ന് അവൾ വീടിനു ചുറ്റും ഓടുമ്പോൾ ഭീഷണിപ്പെടുത്തിയും ശാരീരികമായി ആക്രമിച്ചും അയാൾ അവളെ കിടപ്പു മുറിയിലേക്ക് വലിച്ചിഴക്കുന്നതു പതിവായി.

“കിതച്ചു കൊണ്ട് ഞാന്‍ മറ്റൊരു മുറിയിലേക്കോടി.ഏതോ ശൂന്യതയിലാണ് എന്റെ നിലവിളി ചെന്നുപതിച്ചത്.അവിടേയും അയാളെന്നെ പിന്തുടര്‍ന്നു.ഒരു കുപ്പിച്ചില്ല് എന്റെ കാലില്‍ കയറി.അതെടുത്ത് കളയാനായി ഒരു നിമിഷം നിന്നപ്പോഴേക്കും ആ കൈകള്‍ എന്നെ കടന്നുപിടിച്ചു”.

“പുലര്‍കാലത്ത് കിടന്ന വിരിയില്‍ ഇത്തിരി രക്തം;അമ്മായിയമ്മ വന്ന് ചാക്കുകെട്ടെന്നോണം എന്നെ എടുത്ത് കുളിമുറിയില്‍ കൊണ്ടുപോയി “മുബാറക്” എന്ന് പറഞ്ഞ് വെള്ളമൊഴിക്കുന്നു.വേണ്ടവിധത്തില്‍ എനിക്കാലോചിക്കാനാവുന്നില്ല.ശരീരം തണുത്തു വിറയ്ക്കുന്ന ഞാന്‍ വളരെ ചെറുതാണെന്ന് തോന്നുന്നു.എന്റെ ഉമ്മ എത്ര അകലെയാണ്.അബ്ബാ എന്നെ ഇങ്ങനെ കല്യാണം കഴിപ്പിച്ചയച്ചത് എന്തിനുവേണ്ടിയാണ്.ഇങ്ങനെയൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് എന്തേ എന്നെ കാലേക്കൂട്ടി അറിയിച്ചില്ല”

കളിക്കൂട്ടുകാരെയും പാവക്കുട്ടികളെയും മധുരത്തെയും ഇഷ്ടപ്പെട്ട ആ കൊച്ചു പെണ്ണ്,അവൾക്കു മീതെ സമൂഹവും വീടും അടിച്ചേൽപ്പിച്ച വ്യവസ്ഥിതിയുടെ പേരാണ് വിവാഹം എന്നറിഞ്ഞില്ല. വിവാഹ സൽക്കാരത്തിന് സ്വന്തം വീട്ടിൽ തിരിച്ചെത്തിയ നുജൂദ് അവൾക്കു സംഭവിച്ച ദുരന്തത്തിൽ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമം നടത്തുന്നു.റൊട്ടി വാങ്ങാൻ കൊടുത്ത ചില്ലറക്കാശുമായി നുജൂദ് പോകുന്നത് കടയിലേക്കല്ല,കോടതിയിലേക്കാണ്.കോട്ടിട്ട ആളുകൾ തന്നെ ശ്രദ്ധിക്കാതെ കടന്നു പോവുമ്പോൾ താൻ വെറും കടുകുമണിയോളം ചെറുതാണ് എന്ന് നുജൂദ് തിരിച്ചറിയുന്നു. അവിടെ കാണുന്ന സ്ത്രീയോട് “തനിക്കു ജഡ്ജിയെ കാണണം” എന്നവൾ ആവശ്യപ്പെടുന്നു.”എനിക്ക് വിവാഹ മോചനം വേണം” എന്ന് കോടതിയിൽ ജഡ്ജിയോട് അവൾ ആവശ്യപ്പെടുമ്പോൾ നടുങ്ങിയത് ജഡ്ജിയും ചുറ്റുമുള്ളവരും മാത്രമല്ല ഈ ലോകം തന്നെയാണ്.

”നീ ഇപ്പോഴും കന്യകയാണോ?” 10 വയസ്സ് മാത്രം പ്രായമുള്ള ആ കൊച്ചു പെൺകുട്ടിയോട് കോടിതിയിൽ വച്ച് ജഡ്ജി ചോദിച്ചു. “അല്ല രക്തമൊലിക്കുകയുണ്ടായ് ”അവൾ മറുപടി പറഞ്ഞു.

ശൈശവ വിവാഹത്തിന്റെ മുറിവുകൾ ഇത്ര കർക്കശമായി ലോകത്തോട് വിളിച്ചു പറയാൻ ധൈര്യം കാണിച്ച മറ്റൊരു പെൺകുട്ടി ലോകചരിത്രത്തിൽ ഇല്ല.ഷാദാ നസീർ എന്ന മനുഷ്യാവകാശ പ്രവർത്തകയും വക്കീലുമായ സ്ത്രീയുടെ സംരക്ഷണം നുജൂദിനെ അവൾ ആഗ്രഹിച്ച വിധമുള്ള ജീവിതം വീണ്ടെടുക്കാൻ സഹായിച്ചു.ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹ മോചിത.അതിലൂടെയാണ് യമനിലെ പെൺകുഞ്ഞുങ്ങളുടെ വിവാഹ പ്രായം പതിനഞ്ചിൽ നിന്നും പതിനേഴായി പ്രഖ്യാപനം വരുന്നത്. വിവാഹമോചനവിധി വായിച്ചു കേള്‍പ്പിച്ചപ്പോള്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടിയ പത്തുവയസുകാരി കുഞ്ഞുനുജൂദിനോട് എന്ത് തോന്നുന്നുവെന്ന് വക്കീല്‍ ഷാദ ചോദിച്ചപ്പോള്‍ നുജൂദ്‌ പറഞ്ഞതിങ്ങനെയാണ്; “ചോക്ലേറ്റും കേക്കും തിന്നാന്‍ തോന്നുന്നുണ്ട്.എനിക്ക് കുറച്ച് കളിപ്പാട്ടങ്ങള്‍ വേണം”. ‘എനിക്കു പ്രായമാകുമ്പോള്‍ ഞാന്‍ ഷാദയെപ്പോലെ ഒരു വക്കീലാകും.എന്നെപ്പോലെയുള്ള മറ്റു ചെറിയ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും.എനിക്കു സാധിക്കുമെങ്കില്‍,ഞാന്‍ നിര്‍ദ്ദേശിക്കും,പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന്.അല്ലെങ്കില്‍ ഇരുപതോ ഇരുപത്തിരണ്ടോ’.