ഞാൻ മുസ്ലീം,ഭാര്യ ഹിന്ദു മക്കൾ ഇൻഡ്യക്കാർ: ഷാരൂഖിന്റെ നിലപാടിന് കയ്യടി

0
33

മുംബൈ: ഒറ്റ പ്രസ്താവന കൊണ്ട് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. ഒരു റിയാലിറ്റി ഷോയ്ക്കിടെ താരം നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ഞാൻ മുസ്ലീമാണ് എന്റെ ഭാര്യ ഹിന്ദുവും എന്നാല്‍ എന്റെ മക്കള്‍ ഇന്ത്യക്കാർ ആണെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. സ്കൂളിൽ പഠിക്കുമ്പോൾ ജാതികോളത്തില്‍ എന്തെഴുതണമെന്നെ സംശയം മകൾ ഉന്നയിച്ചിരുന്നു. നമ്മൾ ഇന്ത്യക്കാരാണ് അതുകൊണ്ട് ഇന്ത്യൻ എന്ന് രേഖപ്പെടുത്താനാണ് മകളോട് ആവശ്യപ്പെട്ടതെന്നും ഷാരൂഖ് വ്യക്തമാക്കി.

ഷാരൂഖും ഭാര്യ ഗൗരിയും മിശ്ര വിവാഹിതരാണ്. തന്റെ വീട്ടിൽ എല്ലാ മതങ്ങളുടെയും ചടങ്ങുകൾ ആഘോഷപൂര്‍വം നടത്താറുണ്ടെന്ന് ഷാരൂഖ് മുന്‍പ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. മതപ്രകാരമല്ല മക്കളുടെ പേരുകൾ പോലും തിരഞ്ഞെടുത്തതെന്നും താരം അറിയിച്ചിട്ടുണ്ട്. മതപരമായ വൈവിധ്യങ്ങളുടെ പേരിൽ നേരത്തെ തന്നെ സൈബർ ആക്രമണങ്ങൾക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് ഷാരൂഖ്. പേരിന്റെ പേരിൽ യുഎസ് വിമാനത്താവളത്തിൽ തടയപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ നിരവധി പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ബോളിവുഡ് സൂപ്പർ താരത്തിന്റെ ഈ പ്രസ്താവന ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.