ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. സംഭവത്തിൽ ഒരാൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയിൽ ടെർമിനൽ ഒന്നിലെ മേൽക്കൂരയുടെ ഒരു ഭാഗം വാഹനങ്ങൾക്ക് മുകളിലേക്കാണ് പതിച്ചത്. പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ഇതേത്തുടർന്ന് ടെർമിനൽ 1-ൽ നിന്ന് ടെർമിനൽ 2, 3 എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ മാറ്റിയിട്ടുണ്ട്. ടെർമിനൽ 1-ൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്.സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ചെക്ക് ഇൻ കൗണ്ടറുകൾ അടച്ചതെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.സംഭവത്തിൽ ക്യാബുകൾ (ടാക്സി കാറുകൾ) ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടെർമിനലിന്റെ പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. മേൽക്കൂരയിലെ ഷീറ്റും സപ്പോർട്ട് ബീമുകളും തകർന്നതായി അധികൃതർ പറഞ്ഞു.