ഡല്‍ഹി കണക്കുകൂട്ടൽ തെറ്റി; പാർട്ടി നേതാക്കളുടെ വിദ്വേഷ പ്രചരണം തിരിച്ചടിയായെന്ന് അമിത് ഷാ

0
30

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേരിടേണ്ട പരാജയത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചില നേതാക്കൾ നടത്തിയ വിദ്വേഷ പ്രചരണം തിരിച്ചടിയായെന്നാണ് ഷാ പറയുന്നത്. കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിന്റെ ‘ഗോലി മാരോ’, ഇന്ത്യ-പാക് മാച്ച് തുടങ്ങിയ പ്രയോഗങ്ങൾ ബിജെപി നേതാക്കൾ നടത്തരുതായിരുന്നുലെന്നും ഇതെല്ലാം പാർട്ടിയെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ചാനലായ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കവെയാണ് തെരഞ്ഞെടുപ്പ് തോൽവി വിഷയത്തിൽ അമിത് ഷാ ആദ്യമായി പ്രതികരിച്ചത്.

ഡൽഹിയിൽ തന്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് കേന്ദ്രമന്ത്രി പരസ്യമായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി തെരഞ്ഞടുപ്പിനായി വന്‍പ്രചാരണ പ്രവർത്തനങ്ങളായിരുന്നു ബിജെപി നടത്തിയത്. കേന്ദ്രമന്ത്രിമാരും സംസ്ഥാന നേതാക്കളും അടക്കം നൂറുകണക്കിന് പേരെ പ്രചാരണത്തിനായി തലസ്ഥാനത്തെത്തിച്ചു.

പൗരത്വനിയമ ഭേദഗതിക്കെതിരായ ഡല്‍ഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞായിരുന്നു പലരുടെയും പ്രചരണം. പ്രസ്താവനകള്‍ അതിരുവിട്ടപ്പോൾ ബിജെപിയുടെ സ്റ്റാർ പ്രചാരകരായ അനുരാഗ് ഥാക്കുർ, യുപി മുഖ്യമന്ത്രി ആദിത്യനാഥ് എന്നിവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. വിദ്വേഷം കുത്തി നിറച്ച പ്രചാരണ പ്രവർത്തനങ്ങൾ പാർട്ടിക്ക് വിനയായെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ആം ആദ്മി പാർട്ടി തൂത്തുവാരിയ തെരഞ്ഞെടുപ്പിൽ രണ്ടക്കം തികയ്ക്കാൻ പോലും ബിജെപിക്കായില്ല. 70 അംഗ സഭയിൽ വെറും 8 സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്.