കുവൈത്ത് സിറ്റി: താത്കാലിക താമസേ രേഖ പുതുക്കുന്നതിനായുള്ള ഇലക്ട്രോണിക് സേവനം ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസകളും ഗാർഹിക വിസകളും താത്കാലികമായി പുതുക്കാൻ ഇതിലൂടെ കഴിയും. “സഹേൽ” ആപ്പിലെ “റെസിഡൻസ് സർവീസസ്” വിഭാഗത്തിനുള്ളിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഫിസിക്കൽ സ്റ്റാമ്പിംഗ് ലഭിക്കുന്നതിനായി ആവശ്യക്കാർക്ക് നോട്ടിഫിക്കേഷൻ ലഭിക്കുമെന്നും റെസിഡൻസി അഫയേഴ്സ് സെക്ടർ സന്ദർശിക്കുന്നത് ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നും മന്ത്രാലയം “എക്സ്” അക്കൗണ്ടിൽ വ്യക്തമാക്കി. പൗരന്മാർക്കും താമസക്കാർക്കുമുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും ലളിതമാക്കുന്നതിനുമായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സും ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് സെക്യൂരിറ്റി മീഡിയ വിഭാഗം വ്യക്തമാക്കി.