കുവൈറ്റ്: റസിഡന്‍ഷ്യൽ ഏരിയയിലുണ്ടായ തീപിടുത്തത്തിൽ എട്ട് കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടു ജോലിക്കാരി അറസ്റ്റിൽ. രണ്ട് ദിവസം മുമ്പാണ് കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് റെസിഡന്‍ഷ്യൽ ഏരിയയിലുണ്ടായ തീപിടുത്തത്തിൽ സ്വദേശികളായ എട്ട് കുട്ടികൾ ദാരുണമായി മരിച്ചത്. സംഭവത്തിൽ തുടക്കം മുതൽ തന്നെ ദുരൂഹത ഉയർന്നിരുന്നു. തീപിടുത്തത്തിനിടെ വീട്ടിലെ രണ്ട് വേലക്കാരികൾ ഓടിരക്ഷപ്പെട്ടിരുന്നു. കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പോലും നടത്താതെയായിരുന്നു രക്ഷപ്പെടൽ.
ആ സാഹചര്യത്തിൽ ഇവര്‍ മനഃപൂർവം തീയിട്ടതാണോ എന്ന സംശയത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരുന്നത്. തീ കണ്ട് ഭയന്നോടിയതാണെന്നാണ് പക്ഷെ ഇവര്‍ പൊലീസിന് നൽകിയ മൊഴി. എട്ടുമാസം മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് സംഭവത്തിൽ ദാരുണമായി മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ സബ്ഹാൻ ഖബർസ്സ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മറവുചെയ്തത്.
കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് എന്നിവർ സംഭവത്തിൽ അനുശോചിച്ചു.