തുംഗഭദ്ര ഡാമിന്‍റെ ഗേറ്റ് പൊട്ടി; കർണാടകയിൽ പ്രളയ മുന്നറിയിപ്പ്

കൊപ്പൽ: കർണാടകയിലെ തുംഗഭദ്ര ഡാമിന്‍റെ ഗേറ്റ് ചെയിൻ ലിങ്ക് തകരാറിലായതിനെ തുടർന്ന് ഒലിച്ചുപോയി. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. തുംഗഭദ്ര ഡാമിന്റെ 19-ാമത് ഗേറ്റാണ് പൊട്ടി വീണത്. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളം ഒഴുകുകയാണ്. 35000 ക്യുസക്സ് വെള്ളം ഒഴുകിപ്പോയിട്ടുണ്ട്. ഭീഷണി ഒഴിവാക്കാനായി ഡാമിന്‍റെ 33 ഗേറ്റുകളും തുറന്നു വെള്ളം പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.
കൃഷ്ണ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.കർണാടകയിലെ റായ്ചൂര്, കൊപ്പൽ, വിജയനഗര, ബെല്ലാരി ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.നദി ഒഴുകിപ്പോകുന്നത് തെലങ്കാനയിലേക്കും ആന്ധ്രയിലേക്കുമാണ്. ഇതോടെ ഇവിടങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. 70 വർഷത്തിനിടെ ഇങ്ങനെയൊരു സംഭവം ഇതാദ്യമാണെന്ന് അധികൃതർ പറഞ്ഞു. ഡാമിന്റെ റിസർവോയറിൽ നിന്ന് ഏകദേശം 60,000 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിട്ട ശേഷം മാത്രമേ അറ്റകുറ്റപണികൾ നടത്താൻ സാധിക്കുവെന്നും അധികൃതർ പറഞ്ഞു.മുല്ലപ്പെരിയാർ ഡാമിന് ശേഷം രാജ്യത്ത് സുർക്കിയിൽ നിർമിച്ച രണ്ടാമത്തെ അണക്കെട്ടാണ് തുംഗഭദ്രയിലുള്ളത്. ചുണ്ണാമ്പുകല്ലും ചെളിയും ശർക്കരയും ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് സുർക്കി.