തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍ ഇനി ഓണ്‍ലൈൻ വഴി; മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ

0
23

കുവൈറ്റ്: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമ പുതുക്കൽ ഇനി ഓൺലൈൻ വഴിയും. ഇഖാമ സേവനങ്ങള്‍ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് നീക്കം. ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന പുതിയ സേവനം മാര്‍ച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

താമസകാര്യ മന്ത്രാലയത്തിൽ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് ഇഖാമ പുതുക്കൽ ഓൺലൈൻ വഴിയാക്കാൻ നടപടികൾ തുടങ്ങിയത്. ആദ്യഘട്ടത്തിൽ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ പുതുക്കാനാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. രണ്ടാംഘട്ടമായാണ് സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും സൗകര്യം ഏർപ്പെടുത്തിയത്.

മൂന്നാം ഘട്ടത്തിൽ കുടുംബവിസയിലുള്ളവർക്ക് ഓൺലൈൻ സേവനം ലഭ്യമാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മഅറഫി അറിയിച്ചത്.

മന്ത്രാലയത്തിന്‍റെ ഇ സർവീസിൽ രജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്ക് പ്രത്യേക യൂസർ നെയിം, പാസ്‍വേർഡ് എന്നിവ അനുവദിക്കും. ഇത് ഉപയോഗിച്ചു ലോഗിൻ ചെയ്‌താൽ മാർച്ച ഒന്ന് മുതൽ താമസ കാര്യ ഓഫീസുകളിൽ നേരിട്ട് ചെല്ലാതെ ഓൺലൈൻ വഴി അപേക്ഷ പൂരിപ്പിച്ചു നടപടികൾ പൂർത്തിയാക്കാം.