നക്സല്‍ബാരി

എഴുത്ത് - എൻ. പ്രഭാകരൻ

0
36

2007 ല്‍ നക്സല്‍ബാരിയിലേക്ക് പോവുമ്പോള്‍ അതിപരിചിതമായ ഇടം ഒരിക്കല്‍ക്കൂടി കാണാന്‍ പോവുകയാണെന്ന തോന്നലാണുണ്ടായത്.ആ പ്രദേശം എന്‍റെ കൗമാരത്തിലും യൗവനാരംഭത്തിലും ഉണര്‍ത്തിയിരുന്ന വികാരങ്ങള്‍ ഓര്‍മയില്‍ അത്രമേല്‍ ജീവന്‍ തുടിച്ചുനില്‍ക്കുന്നുണ്ടായിരുന്നു.1967 മെയ് 25നാണ് നക്സല്‍ബാരിയില്‍ സ്ത്രീകളും കുട്ടികളുമടക്കം കര്‍ഷകത്തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ള പതിനൊന്നുപേര്‍ വെടിവെച്ചുകൊല്ലപ്പെട്ടത്.ജന്മിമാരുടെയും കൊള്ളപ്പലിശക്കാരുടെയും കൊടിയ ചൂഷണത്തില്‍ നിന്നു മോചനം നേടാനായി ചാരുമജുംദാര്‍,കനുസന്യാല്‍,ജംഗള്‍ സന്താള്‍,ശാന്തിമുണ്ട തുടങ്ങിയവരുടെ നേതൃത്വത്തില്‍ സായുധരായി കലാപത്തിനിറങ്ങിയവരായിരുന്നു അവര്‍.‘വസന്തത്തിന്‍റെ ഇടിമുഴക്കം’ എന്ന് ബീജിംഗ് റേഡിയോ റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ഇന്ത്യയില്‍ അടിസ്ഥാനവര്‍ഗത്തിന്‍റെ മോചനത്തിനുള്ള ഏറ്റവും ശരിയായ പാത ചൂണ്ടിക്കാണിക്കുന്ന ഒന്നാണെന്ന് രാജ്യത്തെമ്പാടമുള്ള യുവജനങ്ങളില്‍ ഒരു ചെറിയ വിഭാഗം കരുതി.കേരളത്തില്‍ ഈ വിഭാഗം അത്ര ചെറുതായിരുന്നില്ല.അവരുടെ പ്രതിനിധികളായി അതിസാഹസികമായ ഒരു ജീവിതത്തിന്‍റെ വഴിയിലേക്കു നീങ്ങിയവരാണ് അജിതയും ഫിലിപ്പ് എം.പ്രസാദും വര്‍ഗീസും വെള്ളത്തൂവല്‍ സ്റ്റീഫനുമടക്കം നൂറുകണക്കിനാളുകള്‍.അമ്പത്തഞ്ചിലേറെ വര്‍ഷംകൊണ്ട് ലോകം ഒരുപാട് മാറി.ചൂഷകരെ ഓരോരുത്തരെയായി ഉന്മൂലനം ചെയ്തും സായുധവിപ്ലവത്തിലൂടെയും ഇന്ത്യയിലെ കര്‍ഷകരെയും തൊഴിലാളികളെയും മോചിപ്പിക്കുകയും അവരുടേതായ ഒരു ഭരണകൂടം സ്ഥാപിച്ചെടുക്കുകയും ചെയ്യാമെന്നുള്ള വിശ്വാസം ഇപ്പോള്‍ ഒരതിസൂക്ഷ്മന്യൂനപക്ഷം മാത്രമേ സൂക്ഷിക്കുന്നുള്ളൂ. ഒട്ടുവളരെ പരിമിതകളോടുകൂടിയാണെങ്കിലും ജനാധിപത്യസംവിധാനം, അത് ബൂര്‍ഷാജനാധിപത്യമായാലും, സംരക്ഷിക്കപ്പെടേണ്ടതാണെന്നിടത്ത് എല്ലാവരും എത്തിയിരിക്കുന്നു. നവമുതലാളിത്തത്തിന്‍റെ സമര്‍ത്ഥമായ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള മനോബലം ഭരണകൂടം എന്നു കൈവരിക്കും, രാഷ്ട്രീയം ഉള്‍പ്പെടെ ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന ഫ്യൂഡലിസത്തിന്‍റെ അവശിഷ്ടങ്ങള്‍ എങ്ങനെ തുടച്ചു നീക്കും,തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്നവരില്‍ത്തന്നെ അമിതാധികാര പ്രവണതയും അഴിമതിയിലേക്ക് നീങ്ങാനുള്ള ത്വരയും യാഥാര്‍ത്ഥ്യമായിത്തീരുന്നതിനെ എങ്ങനെ ഇല്ലാതാക്കും തുടങ്ങി അനേകം കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ടെങ്കിലും സായുധവിപ്ലവം,ചൈനയില്‍ മാവോസേതൂങ്ങിന്‍റെ നേതൃത്വത്തില്‍ നടന്നതുപോലുള്ള ജനമുറ്റേറ്റം തുടങ്ങിയ സംഗതികളില്‍ ആരും പ്രതീക്ഷയര്‍പ്പിക്കുന്നില്ല.എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണ് നക്സല്‍ബാരി കാണണം എന്നു ഞാന്‍ തീരുമാനിച്ചത്.പശ്ചിമബംഗാളിലെ ഈ കര്‍ഷകഗ്രാമത്തിലെ ജീവിതത്തിന് അടിസ്ഥാനപരമായ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചതായിത്തോന്നിയില്ല. പുതിയ തലമുറയില്‍ അവരുടെ ഗ്രാമത്തില്‍ രാജ്യത്തെയാകമാനം ഞെട്ടിക്കുകയും അനേകം പ്രാദേശിക ഭാഷകളിലെ സാഹിത്യത്തെപ്പോലും പിടിച്ചുകുലുക്കുകയും ചെയ്ത ഒരു സംഭവം നടന്നിരുന്നതിന്‍റെ ഓര്‍മകള്‍ സജീവമാണെന്നും തോന്നിയില്ല.നക്സല്‍ബാരിയിലെ സാധാരണ ജനജീവിതം ദരിദ്രമായിത്തന്നെ തുടരുന്നതിന്‍റെ അടയാളങ്ങളാണ് എങ്ങും കാണാന്‍ കഴിഞ്ഞത്. ഒരു മാസം കൊണ്ട് സര്‍ക്കാറിന് അടിച്ചമര്‍ത്താന്‍ കഴിഞ്ഞ നക്സല്‍ബാരിയിലെ വിപ്ളവശ്രമം ആ ഗ്രാമത്തിനു പോലും ഒന്നും നല്‍കിയില്ലേ എന്ന് ആരും ചോദിച്ചു പോകും. അത്രയും നിരുന്മേഷമായിരുന്നു അവിടെ കാണാന്‍ കഴിഞ്ഞ കാര്യങ്ങളത്രയും. അങ്ങാടിയിലൊരിടത്തു കണ്ട എക്സിബിഷനില്‍ വില കുറഞ്ഞതും കാഴ്ചയ്ക്ക് ഒട്ടും ഭംഗിയില്ലാത്തതുമായ സാരികളും ഷര്‍ട്ടുകളും കുട്ടികള്‍ക്കുള്ള ഉടുപ്പുകളുമൊക്കെയാണ് വില്പനയ്ക്കു വെച്ചിരുന്നത്. എവിടെയും വിശേഷിച്ചൊന്നും കാണാനില്ലാത്തതുകൊണ്ട് നക്സല്‍ബാരി റെയില്‍വേ സ്റ്റേഷന്‍ വരെ പോയി.ഉറക്കം തൂങ്ങുന്ന ആ സ്റ്റേഷനിലും അധികനേരം നില്‍ക്കേണ്ടതുണ്ടായിരുന്നില്ല.ചരിത്രം പരാജയമെന്ന് വിധിയെഴുന്ന ജനമുന്നേറ്റങ്ങളുംഅവ മഹാസ്വപ്നങ്ങളില്‍ വേരുകളാഴ്ത്തി വളര്‍ന്നവയെങ്കില്‍കാലമെത്ര കഴിഞ്ഞാലും അനേകം പേരുടെ ഓര്‍മകളില്‍ പൂവിടുക തന്നെ ചെയ്യുംഎന്തിന് പൂക്കുന്നുവെന്ന് ഒരു ചെടിയോടും ആരും ചോദിക്കാറില്ല.