ബോളിവുഡ് നടി സൊനാക്ഷി സിൻഹയും നടനും ദീർഘകാല സുഹൃത്തുമായ സഹീർ ഇഖ്ബാലും വിവാഹിതരായി. സൊനാക്ഷിയുടെ മുംബൈയിലെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. സൊനാക്ഷിയുടെ പിതാവും നടനുമായ ശത്രുഘ്നൻ സിൻഹയുടെയും ഭാര്യ പൂനം സിൻഹയുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ചിത്രങ്ങൾ താരം ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചു. ‘ഞങ്ങൾ ഇപ്പോൾ ഭാര്യയും ഭർത്താവുമാണ്’, കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹ ചടങ്ങിന് ശേഷം സോനാക്ഷിയും സഹീറും പറഞ്ഞു.’ഈ ദിവസം, ഏഴ് വർഷം മുമ്പ് (23.06.2017) ഞങ്ങൾ പരസ്പരം കണ്ണുകളിൽ ശുദ്ധമായ പ്രണയം കണ്ടു. ആ പ്രണയത്തെ മുറുകെ പിടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇന്ന് ആ സ്നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ ഒന്നിച്ചു. ഈ നിമിഷത്തിലേക്ക് ഞങ്ങളെ നയിച്ചു. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും രണ്ട് ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങൾ ഇപ്പോൾ ഭാര്യയും ഭർത്താവും ആണ്. ഇപ്പോൾ മുതൽ എന്നന്നേയ്ക്കും. പരസ്പരം സ്നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമായി കൊണ്ടു പോകാനും ഞങ്ങൾ ഒന്നിച്ച് ഇവിടെ ഉണ്ടാകും’, എന്നാണ് വിവാഹ വിവരം പങ്കുവച്ച് സൊനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
ചുവപ്പെന്ന സ്ഥിരം ശൈലിയിൽ നിന്ന് വേറിട്ടായിരുന്നു സോനാക്ഷി-സഹീർ ദമ്പതികൾ വിവാഹ വസ്ത്രം തിരഞ്ഞെടുത്തത്. ഓഫ് വൈറ്റ് നിറത്തിലുള്ള ചിക്കൻകാരി എംബ്രോയിഡറി സാരിയാണ് സോനാക്ഷിയെ എലഗൻ്റാക്കിയത്. അതേ നിറത്തിലുള്ള ഹാഫ് സ്ലീവ് വി-നെക്ക് ബ്ലൗസാണ് സാരിയോടൊപ്പം പെയർ ചെയ്തത്.