നാടിന് മുഴുവൻ നൊമ്പരമായി ദേവനന്ദ

0
29

കൊല്ലം: കുഞ്ഞു ദേവനന്ദയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് നാട്. കേരളക്കരയുടെ മുഴുവൻ പ്രാര്‍ഥനയും വിഫലമാക്കി ആ കുരുന്ന് യാത്രയാകുന്നത് തീരാനൊമ്പരം ബാക്കി വച്ചാണ്. അച്ഛൻ പ്രദീപ് കുമാറിന്റെ കുടവട്ടൂരിലെ വസതിക്ക് സമീപമാണ് പൊന്നു എന്നു വിളിക്കുന്ന ദേവനന്ദയ്ക്ക് അന്ത്യ വിശ്രമ സ്ഥലം ഒരുങ്ങിയത്. അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും കുട്ടി പഠിച്ച വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ഇവിടെയെത്തിച്ച് സംസ്കരിച്ചത്. നൂറുകണക്കിന് ആളുകളാണ് ദേവനന്ദയ്ക്ക് ആദരഞ്ജലിയർപ്പിക്കാനെത്തിയത്.

ഇന്ന് പുലർ‌ച്ചെയാണ് അമ്മയുടെ നാടായ ഇളവൂരിലെ വീട്ടിൽ നിന്ന് 200മീറ്റർ അകലെയുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് കുട്ടിയുടെ മൃതേദഹം കണ്ടെടുത്തത്. കാണാതായി ഒരു ദിവസം പിന്നിട്ടശേഷമാണ് കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.വീടിനുള്ളിൽ നിന്ന് കാണാതായ കുട്ടിയുടെ തിരോധാനം നിരവധി ദുരൂഹതകൾ ഉയർത്തുകയും ചെയ്തിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന വാര്‍ത്ത സംസ്ഥാനവ്യാപകമായി അന്വേഷണം ആരംഭിച്ചിരുന്നു. പ്രമുഖ താരങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ സഹായം അഭ്യർഥിച്ച് കുട്ടിയുടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ പ്രാർഥനയും പ്രതീക്ഷകളും വിഫലമാക്കി കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. കാണാതായി ഒരു മണിക്കൂറിനുള്ളിൽ തന്നെ കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ ശ്വാസകോശത്തില്‍നിന്നും വയറ്റില്‍നിന്നും വെള്ളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. വിശദമായി റിപ്പോര്‍ട്ട് വന്നശേഷം മാത്രമെ കൂടുതല്‍ വിവരങ്ങൾ അറിവാകുള്ളു,