കുവൈത്ത് സിറ്റി: നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയും ഐ.എം.സി.സി ജിസിസി രക്ഷാധികാരിയുമായ സത്താർ കുന്നിലിനെ ലോക കേരള സഭാംഗമായി തിരഞ്ഞെടുത്തു. സാംസ്കാരിക പ്രവർത്തകനായ സത്താർ കുന്നിൽ കുവൈത്തിലെ കാസർകോട് ജില്ലക്കാരുടെ പൊതു വേദിയായ കാസർകോട് ജില്ല അസ്സോസിയേൻ സ്ഥാപകനും അതിൻ്റെ മുഖ്യ രക്ഷാധികാരിയുമാണ്. ഇ-ജാലകം പത്രത്തിൻ്റെ എഡിറ്റർ കൂടിയായ സത്താർ നിരവധി സംഘടനകളുടെ നേതൃസ്ഥാനത്തു പ്രവർത്തിക്കുകയും കുവൈത്തിലെ പ്രവാസി പ്രശ്നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ്. ജൂൺ 13, 14, 15 തീയതികളിൽ തിരുവനന്തപുരം നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ കുവൈത്ത് പ്രതിനിധിയായാണ് സത്താർ കുന്നിൽ പങ്കെടുക്കുന്നത്. പ്രവാസികളെയും കേരളം സർക്കാരിനെയും പരസ്പരം ബന്ധിപ്പിക്കുന്ന നാലാമത് ലോക കേരള സഭയിലേക്ക് പ്രവാസത്തിൻ്റെ അറിവും അനുഭവ സമ്പത്തും എല്ലാവർക്കും പ്രയോജനപ്പെടണമെന്ന ഉദ്ദേശത്തോടെയാണ് ഓരോ അംഗങ്ങളെയും ഗവണ്മെൻ്റ് തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ മൂന്ന് ലോക കേരള സഭാ സമ്മേളനങ്ങളും അതിൻ്റെ തുടർ പ്രവർത്തനങ്ങളും പ്രവാസി കേരളീയരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ഇത്തവണയും കേരളത്തിൻ്റെ സാമൂഹിക,സാംസ്കാരിക,സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനുള്ള ക്രിയാത്മക നിർദേശങ്ങളും സംഭാവനകളും നൽകുക, അകം കേരളത്തിലും പുറം കേരളത്തിലും ജീവിക്കുന്ന മലയാളികളുടെ കൂട്ടായ്മയും സഹകരണവും ഉറപ്പു വരുത്തുക എന്നിവയാണ് സമ്മേളനത്തിൽ മുന്നോട്ടുവെക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾ.