കുവൈത്ത് സിറ്റി: നീണ്ട 43 വർഷത്തിന് ശേഷം ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നു. നരേന്ദ്രമോദി ദ്വിദിന സന്ദർശനത്തിനായി ശനിയാഴ്ച കുവൈത്തിൽ എത്തും. മോദിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. കുവൈറ്റിൽ ആകെ മോദിയുടെ കൂറ്റൻ ചിത്രങ്ങളും ഫ്ലക്സ് ബോർഡുകളും ഒരുക്കിയിട്ടുണ്ട്. നിരത്തിലോടുന്ന ബസ്സുകളിൽ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഒക്കെയും മോദിയുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ കാണാൻ കഴിയും. കുവൈത്ത് രാജകുടുംബാംഗങ്ങള്‍ തുടങ്ങി ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ നേത്യത്വത്തിലുള്ള മിക്ക കമ്പനികളും മോദിയുടെ വരവ് ആഘോഷമാക്കിക്കൊണ്ട് പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുണ്ട്. കുവൈറ്റ് അമീർ ശൈഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരമാണ് കുവൈറ്റ് സന്ദർശിക്കുന്നത്. . സന്ദർശന വേളയിൽ പ്രധാനമന്ത്രി കുവൈത്ത് നേതൃത്വവുമായി ചർച്ച നടത്തും. കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും. ഇന്ത്യയും കുവൈത്തും തമ്മിലുള്ള പരമ്പരാഗതവും സൗഹൃദപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. കുവൈത്തിൻ്റെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യൻ സമൂഹമാണ്.