വയനാട്: ഉരുൾ ദുരന്തത്തിലെ ഇരകൾക്ക് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച താത്കാലിക പുനരധിവാസ പദ്ധതിക്ക് കുന്നമ്പറ്റയിൽ തുടക്കമായി. ചൂണ്ട മേപ്പാടി റോഡിൽ കുന്നമ്പറ്റയിൽ പുതുതായി പണികഴിപ്പിച്ച ഇരു നില ഫ്ലാറ്റിലേക്ക് എട്ടു കുടുംബങ്ങൾ താമസം മാറ്റി. അടുത്ത ദിവസം മാനിവയലിൽ ആറു കുടുംബങ്ങളും സമാനമായ ഫ്ലാറ്റിലേക്ക് മാറി താമസിക്കും. അടുത്ത ഘട്ടത്തിൽ മുപ്പത്തിയാറ് കുടുംബങ്ങൾക്കും സമാനമായ വിധത്തിൽ താമസ സൗകര്യമൊരുക്കുന്നുണ്ട്. കട്ടിലുകൾ, കിടക്കകൾ, ഗാർഹികോപകരണങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് പുനരധിവാസം സജ്ജീകരിച്ചിട്ടുള്ളത്. കുന്നമ്പറ്റ ഫ്ലാറ്റ് പരിസരത്ത് നടന്ന പ്രൗഢ ഗംഭീരമായ സദസ്സിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുൽ വഹാബ് പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്തു. റീഹാബിലിറ്റേഷൻ കമ്മിറ്റി ചെയർമാൻ കെ.പി ഇസ്മായീൽ അധ്യക്ഷത വഹിച്ചു. അഡ്വ. ടി സിദ്ദീഖ് എം എൽ എ മുഖ്യാതിഥിയായി. എൽ ഡി എഫ് കൺവീനർ സി.കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശബീൽ ഹൈദ്രൂസി തങ്ങൾ, സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ എന്നിവർ താക്കോൽ ദാനം നിർവ്വഹിച്ചു. നാഷണൽ ലീഗ് സംസ്ഥാന ജന സെക്രട്ടരി സി പി നാസർ കോയ തങ്ങൾ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, എൻ.കെ അബ്ദുൽ അസീസ്, ഒ പി ഐ കോയ , ബഷീർ ബഡേരി, ജെയിംസ് കാഞ്ഞിരത്തിങ്കൽ, ഒ.പി റഷീദ്, സാലിഹ് മേടപ്പിൽ, സനൽകുമാർ, ഖാലിദ് മഞ്ചേരി, ഒ.കെ മുഹമ്മദലി പ്രസംഗി ച്ചു . കൺവീനർ എ.എം അബ്ദുല്ല കുട്ടി സ്വാഗതവും നജീബ് ചന്തക്കുന്ന് നന്ദിയും പറഞ്ഞു.