മലപ്പുറം: നാഷണൽ ലീഗ് സംസ്ഥാന കൗൺസിലർമാരുടെ ദ്വിദിന എക്സിക്യൂട്ടീവ് ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഗം ഭാരവാഹികൾ മലപ്പുറത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. 2024 ജൂൺ 29, 30 (ശനി, ഞായർ) ദിവസങ്ങളിലായി മലപ്പുറം ജില്ലയിലെ കണ്ണമംഗലം ചെരുപ്പടി മലയിലുള്ള ധർമ്മഗിരി കാമ്പസ്സിലാണ് ക്യാമ്പ് നടക്കുന്നത്. 29 ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ: എ പി. അബ്ദുൽ വഹാബ് ക്യാമ്പ് ഉൽഘാടനം ചെയ്യും. സംഘടനാ കാര്യങ്ങളും രാഷ്ട്രീയ നിലപാടുകളുൾപ്പെടെ പത്തോളം വിഷയങ്ങൾ വിവിധ സെഷനുകളിൽ ചർച്ച ചെയ്യപ്പെടും. സംസ്ഥാന കൗൺസിലർമാരും പോഷക സംഘടനാ ഭാരവാഹികളുമുൾപ്പെടെ നൂറ്റിയമ്പത് പ്രതിനിധികൾ ക്യാമ്പിൽ സംബന്ധിക്കും. അടുത്ത ഒരു വർഷത്തേക്കുള്ള പാർട്ടിയുടെ കർമ്മപരിപാടികൾക്കും ക്യാമ്പ് രൂപം കാണും.പത്രസമ്മേളനത്തിൽ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടരിയേറ്റംഗം അഡ്വ: ഒ കെ. തങ്ങൾ, സ്വാഗത സംഘം ജന: കൺവീനർ സാലിഹ് മേടപ്പിൽ, നാഷണൽ ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ, നാഷണൽ ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ഖാലിദ് മഞ്ചേരി, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കലാം ആലുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.