മലപ്പുറം: വണ്ടൂരിനടുത്ത് നടുവത്ത് സ്വദേശിയായ 23കാരൻ നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് വൈറസ് പടരുന്നത് തടയാൻ പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ഇന്ന് നടത്താനിരുന്ന മൗലിദ് ഘോഷയാത്രകൾ റദ്ദാക്കണമെന്ന് മലപ്പുറം കളക്ടർ വി.ആർ വിനോദ് പള്ളി കമ്മിറ്റികളോട് അഭ്യർത്ഥിച്ചു. അതേസമയം ജില്ലയിൽ നിപ രോഗലക്ഷണങ്ങളോടെ മൂന്ന് പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഞായറാഴ്ചയാണ് ജില്ലയിലെ അഞ്ച് വാർഡുകളെ കണ്ടെയിൻമെൻ്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചത്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളും മമ്പാട് പഞ്ചായത്തിലെ 7 വാർഡുകളും ഇതിൽ ഉൾപ്പെടുന്നു. പ്രദേശത്ത് ഇപ്പോൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്, ജാഗ്രത പാലിക്കാൻ വിനോദ് ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന ഉന്നതതല യോഗം പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ നടപടികൾ ആരംഭിച്ചു. രോഗം സ്ഥിരീകരിച്ച തിരുവാലി പഞ്ചായത്തിൽ ഇന്ന് മുതൽ ആരോഗ്യവകുപ്പ് പനി സർവേയും നടത്തും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശ, ബ്ലോക്ക് പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകർ എന്നിവരടങ്ങുന്ന 16 കമ്മിറ്റികളാണ് സർവേ നടത്താൻ രൂപീകരിച്ചിരിക്കുന്നത്.