നിയമലംഘനം: മുബാറക്കിയയിൽ 17 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ 17 റസ്റ്റോറന്‍റുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടി. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത രീതിയിൽ മാംസവും മറ്റു വസ്തുക്കളും വിൽപ്പന നടത്തിയെന്നാരോപിച്ചാണ് ഇവ അടച്ചുപൂട്ടിയത്. ഗുരുതരമായ അറുപതോളം ഭക്ഷ്യ സുരക്ഷ നിയമ ലംഘനങ്ങൾ ഈ സ്ഥാപനങ്ങൾ നടത്തിയതായാണ് അതോറിറ്റി ചൂണ്ടിക്കാട്ടിയത്. സ്ഥാപന ഉടമകളെ നിയമ അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്.ശരിയായ ലൈസൻസില്ലാതെ പ്രവർത്തിക്കുക, കേടായ മാംസം വിൽക്കുക, ഇറച്ചി സംഭരണത്തിനായി കെമിക്കൽ ബാഗുകൾ ഉപയോഗിക്കുക എന്നിവയുൾപ്പെടെ ഒന്നിലധികം നിയമലംഘനങ്ങൾ മൂലമാണ് അടച്ചുപൂട്ടലെന്ന് മുബാറക്കിയ സെന്റർ മേധാവി മുഹമ്മദ് അൽ കന്ദരി പറഞ്ഞു. കൂടാതെ, പാറ്റകളുടെയും ദോഷകരമായ പ്രാണികളുടെയും സാന്നിധ്യം, ആവശ്യമായ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ എന്നിവയുൾപ്പെടെ കാര്യമായ ശുചിത്വ പ്രശ്നങ്ങളും ഉണ്ടായിരുന്നു.