നിർദേശങ്ങൾ ലംഘിക്കൽ തുടർന്നാൽ പൂര്‍ണ്ണ കര്‍ഫ്യു ഏർപ്പെടുത്താൻ മടിക്കില്ല: മുന്നറിയിപ്പ് നല്‍കി കുവൈറ്റ് ആഭ്യന്തരമന്ത്രി

0
24

കുവൈറ്റ്: സർക്കാര്‍ നിര്‍ദേശങ്ങൾ അനുസരിക്കാൻ മടി കാട്ടിയാൽ രാജ്യത്ത് പൂർണ്ണ കർഫ്യു ഏര്‍പ്പെടുത്താനും മടിക്കില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി. കൊറോണ പ്രതിരോധനത്തിനായി ശക്തമായ നടപടികളാണ് കുവൈറ്റ് സര്‍ക്കാർ നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വൈകുന്നേരം അഞ്ച് മണി മുതൽ പിറ്റേന്ന് പുലർച്ചെ നാല് മണി വരെ നീണ്ടു നിൽക്കുന്ന ഭാഗിക കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. കർഫ്യു ഒരാഴ്ച പിന്നിടുമ്പോഴാണ് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

കർഫ്യു നിയമങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെങ്കിലും അല്ലാത്ത സമയങ്ങളിൽ സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ല. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടുള്ളതെങ്കിലും പലരും ഇത് പാലിക്കുന്നില്ല. പൊതു ഗതാഗത സംവിധാനങ്ങളും ടാക്സി സേവനങ്ങളും വിലക്കിയിട്ടുണ്ട്. എങ്കിലും സ്വകാര്യ വാഹനങ്ങൾ നിരത്തിൽ സജീവമാണ്. വൈറസ് വ്യാപനം തടയുന്നതിനായി ശക്തമായ ശ്രമങ്ങളാണ് സർക്കാര്‍ നടത്തി വരുന്നത്. കൊറോണ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ എല്ലാവരും സഹകരിക്കണം. അല്ലാത്ത പക്ഷം നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രി നൽകിയിരിക്കുന്നത്.