ന്യൂഡൽഹി: രാജ്യം കാത്തിരുന്ന ആ വധശിക്ഷ നാളെയുണ്ടാവില്ല. നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടിവച്ചു കൊണ്ട് കോടതി ഉത്തരവിട്ടു. 23കാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു മരണത്തിലേക്ക് നയിച്ച പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെയാണ് കോടതിയുടെ അപ്രതീക്ഷിത സ്റ്റേ ഉത്തരവ്. പട്യാല ഹൗസ് കോടതി ഇന്ന് വൈകുന്നേരത്തോടെയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാർ, വിനയ് ശര്‍മ എന്നിവർ കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ തള്ളണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ച ദയാഹർജിയിൽ ഇതുവരെ തീരുമാനമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ നിഷേധിച്ചുവെന്ന് ഇവരുടെ അഭിഭാഷക കോടതിയിൽ വാദിച്ചിരുന്നു. ദയാഹർജിയിൽ ഇതുവരെ തീരുമാനമുണ്ടായില്ല, തിരുത്തൽ ഹർജി തള്ളിയ ശേഷം 14 ദിവസങ്ങൾക്ക് ശേഷം മാത്രമെ വധശിക്ഷ നടപ്പാക്കാവു എന്ന ചട്ടം പാലിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് തന്റെ വാദം ശക്തിപ്പെടുത്താൻ അഭിഭാഷക കോടതിയിൽ ഉന്നയിച്ചത്.
പ്രതികളുടെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വധശിക്ഷ നീട്ടിവയ്ക്കുന്നു എന്ന് അറിയിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് നാല് പ്രതികളെയും ഒന്നിച്ചു തൂക്കിലേറ്റണമെന്നായിരുന്നു മരണവാറണ്ട്. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പ്രതികളുടെ അന്ത്യാഭിലാഷവും ചോദിച്ചറിഞ്ഞിരുന്നു,. പുറമെ ഡമ്മികളെ തൂക്കിലേറ്റി പരീക്ഷിക്കുകയും ചെയ്തിരുന്നു.. എല്ലാ നടപടിക്രമങ്ങളും ഊർജിതമായി പുരോഗമിക്കവെയാണ് കോടതിയുടെ അപ്രതീക്ഷിത സ്റ്റേ.