നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 10 വരെ നീട്ടി

0
28

മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷയ്ക്ക് (നീറ്റ്) അപേക്ഷിക്കാനുള്ള അവസാന തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നീട്ടി. ഓഗസ്റ്റ് 6ന് അവസാനിക്കേണ്ടിയിരുന്ന ഓൺലൈൻ രജിസ്‌ട്രേഷൻ പ്രക്രിയ ഓഗസ്റ്റ് 10ന് വൈകുന്നേരം അഞ്ച് മണി വരെയാണ് നീട്ടിയത്. അതേ ദിവസം രാത്രി 11.50 വരെ മത്സരാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കാൻ കഴിയും.

“നീറ്റ് (യുജി) – 2021 പരീക്ഷയ്ക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള കാലാവധി ഓഗസ്റ്റ് 10ന് വൈകുന്നേരം അഞ്ച് മണി വരെയും അപേക്ഷാ ഫീസ് അടയ്ക്കാനുള്ള സമയപരിധി ഓഗസ്റ്റ് 10ന് രാത്രി 11.50 വരെയും നീട്ടാൻ തീരുമാനിച്ചു.” എൻടിഎ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇതുവരെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലാത്ത, താത്പര്യമുള്ള മത്സരാർത്ഥികൾക്ക് പുതുക്കിയ സമയപരിധിയ്ക്കുള്ളിൽ neet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.