നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് വീടുവെച്ച് നൽകണമെന്ന് ജില്ലാ കലക്ടറുടെ ശിപാർശ

0
28

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് വീടുവെച്ച് നൽകണമെന്ന് ജില്ലാ കലക്ടറുടെ ശിപാർശ. റിപ്പോർട്ട് സർക്കാരിന് കൈമാറി. തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിലുണ്ടാകും.

അച്ഛന്‍റെയും അമ്മയുടെയും വിയോഗത്തിൽ അനാഥരായ ആ കുട്ടികളെ ചേർത്തു പിടിക്കുകയാണ് കേരളം. അന്തിയുറങ്ങുന്ന മണ്ണിനായി പോരാടി മരിച്ചവരുടെ സ്വപ്നം വീടായിരുന്നു. ജില്ലാ കലക്ടർ നവ് ജോത് ഖോസയുടെ റിപ്പോർട്ടിലെ പ്രധാന ശിപാർശയും കുട്ടികൾക്ക് വീട് നൽകണമെന്നാണ്.

തിരുവനന്തപുരം നഗരസഭയുടെ കല്ലടിമുഖത്തെ ഫ്ലാറ്റ് നൽകാം. അല്ലെങ്കിൽ ലൈഫ് പദ്ധതിയിൽ സ്ഥലവും വീടും നൽകണം. കുട്ടികൾക്ക് ആവശ്യമായ ധനസഹായം നൽകാനും ശുപാർശയുണ്ട്.

തർക്ക ഭൂമി വിട്ടുനൽകണമെന്നാണ് കുട്ടികളുടെ ആവശ്യം. ഈ ഭൂമിയിൽ പരാതിക്കാരി വസന്തക്കുള്ള ഉടമസ്ഥാവകാശത്തെ പറ്റി തഹസിൽദാർ പരിശോധന തുടങ്ങിയിട്ടുണ്ട്.

അതിനിടെ വസന്തക്കെതിരെ ആരോപണവുമായി നാട്ടുകാർ രംഗത്ത്. മുൻപും പലരെയും കള്ളക്കേസിൽ കുടുക്കാൻ നോക്കിയെന്നാണ് നാട്ടുകാരുടെ പരാതി. പോലീസുകാരുടെ വീഴ്ച അന്വേഷിക്കുന്ന റൂറൽ എസ്പി കുട്ടികളുടെ മൊഴി ഇന്ന് എടുക്കും.