നേപ്പാളില്‍ വിമാനാപകടം; 18 മരണം

ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു, പൈലറ്റ് രക്ഷപ്പെട്ടു

നേപ്പാളിലുണ്ടായ വിമാനാപകടം

കാഠ്മണ്ഡു: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ ചെറുവിമാനത്തിന് തീപിടിച്ചു.സംഭവത്തിൽ 18 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് തീ പിടിച്ചത്. വിമാനത്തിൻ്റെ പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രാദേശിക വിമാനക്കമ്പനിയായ ശൗര്യ എയർലൈൻസിൻേതാണ് വിമാനം. അറ്റകുറ്റപ്പണികൾക്കായി രണ്ട് ക്രൂ അംഗങ്ങളെയും 17 സാങ്കേതിക വിദഗ്ധരെയും വഹിച്ചുകൊണ്ട് പൊഖാറ നഗരത്തിലേക്ക് പോകുകയായിരുന്നു വിമാനമെന്ന് വിമാനത്താവള സുരക്ഷാ മേധാവി അർജുൻ ചന്ദ് താക്കൂറി പറഞ്ഞു. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കിഴക്ക് ഭാഗത്തായുള്ള പ്രദേശത്ത് തകർന്നുവീഴുകയായിരുന്നെന്ന് താക്കൂറി മാധ്യമങ്ങളോട് പറഞ്ഞു.വിമാനം തെന്നിമാറിയതിൻ്റെ കാരണം വ്യക്തമല്ല. അപകടത്തിൽ നിന്ന് ഉണ്ടായ തീ അടിയന്തര അഗ്നിരക്ഷാ സേന വേഗത്തിൽ അണച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട പൈലറ്റിനെ കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ കണ്ണുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഗുരുതരമായ മറ്റ് പരിക്കുകളൊന്നുമില്ലെന്നും പരിശോധിച്ച ഡോക്ടർ വ്യക്തമാക്കി.