പക്ഷിപ്പനി; കേന്ദ്രസംഘം ഇന്ന് ആലപ്പുഴ സന്ദർശിക്കും

0
16

ആലപ്പുഴ : കേരളത്തിൽ രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്നെത്തും. ആലപ്പുഴയിലാണ് കേന്ദ്രസംഘം സന്ദർശനത്തിനം നടത്തുക. രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകളെ കുറിച്ചാകും സംഘം പരിശോധിക്കുക. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ പക്ഷികളെ കൊന്നൊടുക്കുന്നത് ഇന്നത്തോടെ അവസാനിക്കും. കോഴിയും താറാവും ഉൾപ്പെടെ 45000ത്തോളം പക്ഷികളെ ഇതുവരെ കൊന്നൊടുക്കി. അവശേഷിക്കുന്ന 6000ത്തോളം പക്ഷികളെ ഇന്ന് കൊല്ലും.

കരുവാറ്റ, തകഴി, പളളിപ്പാട്, നെടുമുടി മേഖലകളിലാകും കേന്ദ്രസംഘം സന്ദർശനം നടത്തുക. നിലവിൽ കണ്ടെത്തിയ H5 N8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. എന്നാൽ വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

അതേസമയം കർഷകർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വേഗത്തിൽ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ 2014ൽ പ്രഖ്യാപിച്ച അതേ പാക്കേജ് തന്നെയാണ് ഇത്തവണയും സർക്കാർ നൽകുന്നതെന്നാണ് കർഷകരുടെ ആക്ഷേപം.