കുവൈത്ത് സിറ്റി: ഫഹാഹീൽ എക്‌സ്‌പ്രസ് വേയിൽ പ്രവാസിയുടെ കാർ ഇടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർ മരിച്ചു. പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. പാലത്തിൽ കുടുങ്ങിയ വാഹനത്തെ പോലീസ് ഉദ്യോഗസ്ഥർ നോക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനവുമായി രക്ഷപ്പെട്ടെങ്കിലും മിനിറ്റുകൾക്കകം പ്രതിയെ പിടികൂടി. അപകട സമയത്ത് മയക്ക് മരുന്നിന്‍റെ ലഹരിയിലായിരുന്നു പ്രതിയെന്ന് അധികൃതർ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ദാരുണമായ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.