ബാലാക്കോട്ട് വ്യോമാക്രമണം നടന്ന് മൂന്ന് മാസം കഴിയുമ്പോഴും ഇന്ത്യയുമായി പങ്കിടുന്ന വ്യോമപാതകളെല്ലാം അടച്ചിട്ടിരിക്കുകയാണ് പാകിസ്ഥാൻ . ഇന്ത്യ വീണ്ടും അക്രമിച്ചേക്കുമെന്ന ഭയം തന്നെയാണ് ഇതിനു കാരണം . എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം പാക് വ്യോമപാത വഴി പറന്നേക്കുമെന്നാണ് റിപ്പോർട്ട് .
ജൂൺ 13 മുതൽ 14 വരെ നടക്കുന്ന എസ്‌സിഒ ഉച്ചക്കോടിയിൽ പങ്കെടുക്കാനാണ് നരേന്ദ്രമോദി പാക് വ്യോമപാത വഴി സഞ്ചരിക്കുക . അടച്ചിട്ടിരിക്കുന്ന വ്യോമപാത ഇതിനായി പ്രത്യേകം തുറന്നു നൽകുമെന്നാണ് സൂചന .
മുൻ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജും ദിവസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ പാക് വ്യോമപാത വഴി യാത്ര ചെയ്തിരുന്നു . കസാക്കിസ്ഥാനിൽ നടന്ന എസ് സി ഒ ഉച്ചക്കോടിയിൽ പങ്കെടുക്കാനാണ് സുഷമ പാകിസ്ഥാനു മുകളിലൂടെ പറന്നത് . ഇന്ത്യയിൽ നിന്നുള്ള പ്രത്യേക ആവശ്യപ്രകാരമാണ് സുഷമ സഞ്ചരിച്ച വ്യോമസേനാ വിമാനത്തിനായി പാകിസ്ഥാൻ പ്രത്യേകം വ്യോമപാത തുറന്നത് .
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞ് മെയ് 30 ന് വ്യോമപാതകൾ തുറക്കുമെന്നായിരുന്നു നേരത്തെ പാകിസ്ഥാൻ അറിയിച്ചിരുന്നത് . എന്നാൽ ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാർ രണ്ടാമതും അധികാരത്തിലേറിയതോടെ പാകിസ്ഥാൻ ജൂൺ 14 വരെ വീണ്ടും വ്യോമപാതകൾ അടച്ചു കഴിഞ്ഞു .
ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാകിസ്ഥാൻ അടച്ചിട്ടിരിക്കുന്നത് . ഒമാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകൾ നേരത്തെ തന്നെ തുറന്നിരുന്നു.