പിതാവിൻ്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; കുവൈത്ത് പ്രവാസി മക്കയിൽ മരിച്ചു

0
34

കുവൈത്ത് സിറ്റി : സൗദിയിലെ ത്വായിഫിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ കുവൈത്ത്‌ പ്രവാസിയായ മലയാളി മരണമടഞ്ഞു. മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി റിയാസാണ് മരിച്ചത്. ഹജ്ജ് കർമ്മം നിർവഹിക്കാൻ എത്തിയ ഇയാളുടെ പിതാവ് മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററെ മക്കയിൽ കാണാതാകുകയും ഏറെ ദിവസത്തെ തിരച്ചിലുകൾക്ക് ശേഷം രണ്ട് ദിവസം മുമ്പ് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.പിതാവിന്റെ ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാൻ കുവൈത്തിൽ നിന്ന് എത്തിയതായിരുന്നു. റിയാസും ഭാര്യയും മക്കളും ചടങ്ങുകൾക്ക് ശേഷം കുവൈത്തിലേക്ക് റോഡ് മാർഗം മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ത്വായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്.ഇവർ സഞ്ചരിച്ച വാഹനം ട്രക്കിൽ കൂട്ടിയിടിക്കുകയായിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കാൻ ഇദ്ദേഹത്തിന്റെ സഹോദരൻ സൽമാനും കുവൈത്തിൽ നിന്ന് മക്കയിൽ എത്തിയിരുന്നു. സൽമാൻ വിമാനം വഴി കുവൈത്തിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിനിടയിലാണ് സഹോദരനും കുടുംബവും അപകടത്തിൽ പെട്ടത്. മരണമടഞ്ഞ റിയാസ് കുവൈത്തിൽ നിർമ്മാണ മേഖലയിൽ സ്വന്തമായി കരാർ ജോലികൾ ഏറ്റെടുത്ത് നടത്തി വരുകയായിരുന്നു.സാൽമിയയിലായിരുന്നു താമസം.അപകടത്തിൽ ഭാര്യക്കും മക്കൾക്കും നിസ്സാര പരിക്കേറ്റു.മക്ക കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ നടത്തി വരുന്നു.