പിന്നോട്ട് നടക്കുന്ന നയാഗ്ര

0
16

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര യഥാർത്ഥത്തിൽ, മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ്. അമേരിക്കൻ ഫാൾ‌സ്, ബ്രൈഡൽ വെയ്‌ൽ ഫാൾ‌സ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾ‌സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർ‌ന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്. നയാഗ്രയേക്കാൾ ഉയരമുള്ള വെള്ളച്ചാട്ടങ്ങൾ വേറെയുണ്ടെങ്കിലും ഈ വെള്ളച്ചാട്ടത്തിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അത്ര അളവ് വേറൊറു വെള്ളച്ചാട്ടത്തിലുമില്ല. പകൽ വിനോദസഞ്ചാര സമയങ്ങളിൽ, ഓരോ മിനിറ്റിലും 168,000 ക്യുബിക് മീറ്റർ അഥവാ ആറ് ദശലക്ഷം ഘനയടി വെള്ളം നയാഗ്രയിലൂടെ കടന്നുപോകുന്നു.

കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിനുമിടയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്താണ് നയാഗ്രാ വെള്ളച്ചാട്ടം (ങ്ങൾ) സ്ഥിതി ചെയ്യുന്നത്. ലോകത്തിൽ ഏറ്റവും അധികം വൈദ്യുതി ഉൽപാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളിലൊന്നാണ് നയാഗ്ര. അമേരിക്കൻ ഫാൾ‌സിനോട് ചേർന്നു കിടക്കുന്ന ബ്രൈഡൽ വെയ്‌ൽ ഫാൾസ് ഒറ്റ നോട്ടത്തിൽ അമേരിക്കൻ ഫാൾ‌സിന്റെ തന്നെ ഭാഗമാണെന്നു തോന്നുമെങ്കിലും വേറെയാണ്. ബ്രൈഡൽ വെയ്‌ൽ ഫാൾസിന് ആ പേരു വന്നത് അതിന്റെ രൂപത്തിൽ‌ നിന്നാണ്. മൂന്നിൽ ഏറ്റവും വലിപ്പമുള്ള ഹോർസ്ഷൂ വെള്ളച്ചാട്ടം കനേഡിയൻ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു. ഇത് കാനഡയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള അന്തർദേശീയ അതിർത്തിയിലേയ്ക്കു വ്യാപിച്ചുകിടക്കുന്നു. താരമ്യേന ചെറിയ അമേരിക്കൻ ഫാൾസും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടവും പൂർണ്ണമായും അമേരിക്കൻ ഐക്യനാടുകളുടെ അതിർത്തിക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്.

ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടം ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടത്തിൽ നിന്ന് ഗോട്ട് ദ്വീപിനാലും, അമേരിക്കൻ വെള്ളച്ചാട്ടത്തിൽ നിന്ന് ലൂണ ദ്വീപിനാലും വേർതിരിക്കപ്പെടുന്നു. രണ്ട് ദ്വീപുകളും ന്യൂയോർക്കിലാണ് സ്ഥിതിചെയ്യുന്നത്. അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ്‌ നയാഗ്രയുടെ ഭംഗി പൂർ‌ണ്ണമായും ആസ്വദിക്കാൻ‌ കഴിയുക. വേനൽക്കാലത്ത്, സെക്കൻഡിൽ കുറഞ്ഞത് 2,800 ക്യുബിക് മീറ്റർ ജലം വെള്ളച്ചാട്ടത്തിലേയ്ക്കു പതിക്കുന്നു. അതിൽ 90 ശതമാനവും ഹോർസ്ഷൂ വെള്ളച്ചാട്ടത്തിന് മുകളിലൂടെ പോകുമ്പോൾ, ബാക്കി ജലവൈദ്യുത പദ്ധതികളിലേയ്ക്ക് തിരിച്ചുവിടുന്നു. ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടത്തിന് മുകളിൽ ചലിക്കുന്ന ഷട്ടറുകളുള്ള ഒരു നിയന്ത്രിത അണക്കെട്ട് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഈ അണക്കെട്ട് ഉപയോഗിച്ച് , വെള്ളച്ചാട്ടത്തിലേയ്ക്കുള്ള ഒഴുക്ക് രാത്രിയിൽ പകുതിയായി കുറയുകയും (ശൈത്യകാലത്ത് വിനോദസഞ്ചാരികൾ കുറയുന്ന അവസരങ്ങളിൽ) സെക്കൻഡിൽ കുറഞ്ഞത് 1,400 ക്യുബിക് മീറ്റർ (49,000 ക്യു അടി) ആയി തുടരുന്നു. ഇങ്ങനെ വെള്ളം വഴിതിരിച്ചുവിടൽ 1950-ലെ നയാഗ്ര ഉടമ്പടി വഴിയാണ് നിയന്ത്രിക്കപ്പെടുന്നത്. ഇതിന്റെ നിയന്ത്രണം ഇന്റർനാഷണൽ നയാഗ്ര ബോർഡ് ഓഫ് കൺട്രോൾ (IJC) ആണ്. നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ ഒഴുകുന്ന ജലത്തിന്റെ പച്ച നിറത്തിന് കാരണം, നയാഗ്ര നദിയിലെ മണ്ണൊലിപ്പിന്റെ ശക്തിയാൽ സൃഷ്ടിക്കപ്പെടുന്ന, മിനിട്ടിൽ 60 ടൺ എന്ന നിരക്കിൽ ജലത്തിൽ അലിഞ്ഞുചേരുന്ന ലവണങ്ങളുടേയും പാറപ്പൊടി (കുത്തൊഴുക്കിൽ വളരെ നന്നായി പൊടിഞ്ഞ പാറ) എന്നിവ കാരണമാണ്. എന്നു പറഞ്ഞാൽ, ഒരു മിനിട്ടിൽ ഏതാണ് പന്ത്രണ്ട് ആനയുടെ ഭാരത്തിന് തുല്യമായ പാറപ്പൊടി നയാഗ്ര വെള്ളച്ചാട്ടത്തിൽ സൃഷ്ടിക്കപ്പെടുന്നു.

ഏകദേശം 12,000 – വർഷങ്ങൾക്ക് മുമ്പ് ഹിമാനികൾ ഉരുകിയ ജലത്താൽ രൂപപ്പെട്ടതാണ് നയാഗ്ര. അന്ന് വെള്ളച്ചാട്ടം നിലനിന്നിരുന്ന സ്ഥലത്തു നിന്നു പതിനൊന്ന് കിലോമീറ്റർ പിന്നോട്ട് മാറിയാണ് ഇന്ന് നയാഗ്ര വെള്ളച്ചാട്ടം നിൽക്കുന്നത്. കനത്ത ജലപ്രവാഹത്തെ തുടർന്ന് വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകൾക്കുണ്ടാകുന്ന തേയ്മാനവും, മണ്ണൊലിപ്പും കാരണമാണ് നയാഗ്രാ പിന്നോക്കം മാറിയത്. പ്രതിവർഷം ഏകദേശം മൂന്ന് അടിയോളം ഇപ്പോഴും നയാഗ്രാ പിന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ നിരക്കിൽ, പരമാവധി അൻപതിനായിരം വർഷം മാത്രമാണ് നയാഗ്രയുടെ ആയുസ്. അതിനുള്ളിൽ പാറക്കെട്ടുകളുടെ ഉയർച്ച താഴ്ചകൾ ഇല്ലാതെയായി , വന്യമായ സൗന്ദര്യം നഷ്ടപ്പെട്ട് നയാഗ്ര ഒരു ഓർമ്മ മാത്രമായി മാറും. ഈ കാലയളവിനുള്ളിൽ നയാഗ്ര വെള്ളച്ചാട്ടം ഇപ്പോഴുള്ളതിന്റെ ഏകദേശം 32 കിലോമീറ്റർ പുറകിലേക്ക് സഞ്ചരിക്കുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു..!!