കുവൈറ്റ്: പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി കുവൈറ്റ്. രാജ്യത്തിെൻറ പാരമ്പര്യത്തിനും നിയമങ്ങൾക്കും നിരക്കാത്തവിധം ആഘോഷങ്ങൾ അതിരു വിട്ടാൽ ചിലപ്പോൾ നാടു വിടേണ്ടി വരും. പുതുവർഷ ആഘോഷത്തോടനുബന്ധിച്ച് നിയമലംഘനം നടത്തി പിടിക്കപ്പെടുന്ന വിദേശികളെ നാടു കടത്തുമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ആഘോഷത്തിമിർപ്പിൽ ഗതാഗത തടസമുണ്ടാക്കുകയോ അപകടകരമായി വാഹനം ഓടിക്കുകയോ ചെയ്യരുതെന്നാണ് താക്കീത്. ഉന്നത ഉദ്യോഗസ്ഥരുടെയടക്കം കർശന നിരീക്ഷണമുണ്ടായിരിക്കും. നിർദേശങ്ങൾ ലംഘിച്ചാൽ ശക്തമായി നടപടികളുണ്ടാകുമെന്നാണ് സുരക്ഷാ വിഭാഗം അറിയിച്ചിരിക്കുന്നത്. പ്രധാന റോഡുകളിലും ബാച്ചിലേഴ്സ് അധികമുള്ള മേഖലകളിൽ സംശയമുള്ള ഫ്ലാറ്റുകളിലും മിന്നൽ പരിശോധനകളുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ഗൾഫ് റോഡ് അടക്കം സ്ഥിരം ആഘോഷസ്ഥലങ്ങളിൽ പൊലീസ് സാന്നിധ്യമുണ്ടാവും. എല്ലാ അതിർത്തി ചെക്ക് പോയിൻറുകളിലും സുരക്ഷ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.