പൊതുമാപ്പ് കാലാവധി കഴിഞ്ഞു; രാജ്യമെങ്ങും വ്യാപക പരിശോധന

0
13

കുവൈത്ത് സിറ്റി : രാജ്യത്തെ താമസ നിയമലംഘകരായ വിദേശികൾക്ക് പിഴ കൂടാതെ നാടുവിടാനോ അല്ലെങ്കിൽ പിഴ അടച്ച് താമസം നിയമപരമാക്കാനോ അവസരം നൽകികൊണ്ടുള്ള പൊതുമാപ്പ് കാലാവധി ഇന്നലെ അവസാനിച്ചു . മാർച്ച് 17 മുതൽ ജൂൺ 17 വരെ മൂന്നു മാസമായിരുന്നു പൊതുമാപ്പിന്റെ സമയ പരിധി .എന്നാൽ പിന്നീട് പൊതുമാപ്പ് കാലാവധി ജൂൺ 30 വരെയായി അധികൃതർ നീട്ടിനൽകുകയായിരുന്നു .സമയ പരിധി അവസാനിച്ചതോടെ പൊതുമാപ്പ് ഉപയോഗപ്പെടുത്താത്ത നിയമലംഘകരെ കണ്ടെത്താൻ അതിശക്തവും വ്യാപകവുമായ പരിശോധനകൾക്കാണ് ആഭ്യന്തര മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത് . മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ റെയ്ഡ് ആരംഭിച്ചു . പരിശോധനകളിൽ പിടിയിലാകുന്ന വിദേശികളെ നേരെത്തെ തയാറാക്കിയ കേന്ദ്രങ്ങളിൽ പാർപ്പിക്കും .തുടർന്ന് നടപടികൾ പൂർത്തിയാക്കിയ ശേഷം നാടുകടത്തുകയാണ് ചെയ്യുക. അതെ സമയം നിയമ ലംഘകർക്ക് അഭയം നൽകുന്ന സ്വദേശികൾ കടുത്ത നിയമ നടപടികൾക്ക് വിധേയമാക്കപ്പെടും . നിയമലംഘകരെ ജോലിക്കുവെക്കുന്ന കമ്പനികളുടെ സ്വദേശി സ്‌പോൺസർഷിപ്പ് എടുത്തുകളയുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി . നിയമലംഘകക്ക് അഭയം നൽകുന്നത് വിദേശികളാണെങ്കിൽ അത്തരക്കാരെ ഉടൻ നാടുകടത്തുമെന്നുമാണ് താക്കീത് .പൊതുമാപ്പിന് മുമ്പ് 1,20000 റെസിഡൻസി നിയമലംഘകരാണ് രാജ്യത്തുണ്ടായിരുന്നത് . ഇതിൽ വെറും 35000 പേര് മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് .