കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനത്തിനിടെ ഇന്ത്യയും കുവൈത്തും പ്രതിരോധം, കായികം, സാംസ്കാരിക സഹകരണം എന്നീ മേഖലകളിൽ നാല് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ധാരണാപത്രങ്ങൾ ബഹുമുഖ ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ആഴത്തിലാക്കുമെന്നും സഹകരണത്തിന്‍റെ പുതിയ മേഖലകൾക്കുള്ള വഴികൾ തുറക്കുമെന്നും പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അരുൺ കുമാർ ചാറ്റർജി പറഞ്ഞു. പ്രതിനിധി തല ചർച്ചകൾക്ക് ശേഷം, സന്ദർശന വേളയിൽ നാല് ഉഭയകക്ഷി രേഖകൾ ഒപ്പുവച്ചു. ആദ്യത്തേത് പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രമാണ്, രണ്ടാമത്തേത് 2025-2029 വർഷങ്ങളിലെ സാംസ്കാരിക വിനിമയ പരിപാടിയാണ്, മൂന്നാമത്തേത് 2025- 2028 കാലയളവിലെ കായിക മേഖലയിലെ സഹകരണത്തെക്കുറിച്ച് ഒരു എക്സിക്യൂട്ടീവ് പ്രോഗ്രാമാണ്. പ്രതിരോധ സഹകരണം സംബന്ധിച്ച ധാരണാപത്രം പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണം സ്ഥാപനവൽക്കരിക്കും. സഹകരണത്തിന്‍റെ പ്രധാന മേഖലകളിൽ പരിശീലനം, ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, സംയുക്ത അഭ്യാസങ്ങൾ, പ്രതിരോധ വ്യവസായത്തിലെ സഹകരണം, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, ഗവേഷണത്തിലും വികസനത്തിലും സഹകരണം എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള 2025-2029 വർഷങ്ങളിലെ കൾച്ചറൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാം (സിഇപി) കല, സംഗീതം, നൃത്തം, സാഹിത്യം, നാടകം എന്നിവയിൽ കൂടുതൽ സാംസ്‌കാരിക വിനിമയത്തിനും സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനും സംസ്‌കാര മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും സഹായകമാകും. 2025-2028 വർഷങ്ങളിലെ കായിക മേഖലയിലെ സഹകരണത്തിനായുള്ള എക്‌സിക്യൂട്ടീവ് പ്രോഗ്രാം (ഇപി) ഇന്ത്യയും കുവൈത്തും തമ്മിലുള്ള കായിക മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തും, കായിക രംഗത്തെ പ്രമുഖരുടെ സന്ദർശനം, അനുഭവം പങ്കിടൽ, പരിപാടികളിൽ പങ്കാളിത്തം, പദ്ധതികളിൽ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കും – അരുൺ കുമാർ ചാറ്റർജി വ്യക്തമാക്കി.
Home Middle East Kuwait പ്രതിരോധം, കായികം, സാംസ്കാരിക സഹകരണം മേഖലകളിൽ ഇന്ത്യയും കുവൈത്തും ഒപ്പുവെച്ചു