പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലാക്കരുത് – ഓവർസീസ് എൻ സി പി

0
19

വിദേശ രാജ്യങ്ങളില്‍ നിന്ന്  കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് യാത്രയ്ക്കു മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിലപാടുമായി  സംസ്ഥാന സര്‍ക്കാർ മുന്നോട്ടു പോകുകയും അത് ഹൈക്കോടതിയിൽ ആവർത്തിക്കുകയും ചെയ്ത സാഹചര്യത്തിൽ, വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികളുടെയും, കേന്ദ്ര സർക്കാരിന്റേയും അനുമതി ലഭ്യമാക്കിക്കൊണ്ടു, വിമാന യാത്രയ്ക്കു മുൻപ് പുതിയതായി  നിർദ്ദേശിക്കുന്ന കോവിഡ് പരിശോധനയ്ക്കുള്ള ക്രമീകരണങ്ങൾ സർക്കാർ  ചിലവിൽ ഒരുക്കണമെന്ന്  ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

ജോലിയും, വരുമാന നഷ്ടവും, മറ്റു പ്രതിസന്ധികൾ മൂലവും, വിദേശത്തു തുടരാനാവാതെ, മറ്റുള്ളവരുടേയും പ്രവാസി സംഘടനകളുടേയും സഹായത്താൽ വന്ദേ ഭാരത് മിഷൻ വഴിയും ചാർട്ടേഡ് വിമാനങ്ങൾ വഴിയും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് തിരിച്ചു വരാൻ  സാമ്പത്തികവും, പ്രായോഗികവുമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പുതിയ നിബന്ധനകൾ നടപ്പിലാക്കാൻ  കൂടുതൽ സമയം അനുവദിക്കുകയും, പ്രവാസികളുടെ മടക്കം തടസ്സപ്പെടാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കുകയും വേണം. കൂടാതെ സംസ്ഥാന സർക്കാരിന്റെ  പ്രവാസി വകുപ്പിന്റെ കീഴിലുള്ള, നോർക്ക, ലോക കേരള സഭ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ ചാർട്ടേട് സർവ്വീസുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക്  ക്രമീകരിച്ച് , ദു:രിതമനുഭവിക്കുന്ന പ്രവാസികളെ  അടിയന്തിരമായി നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും  ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും പത്രക്കുറിപ്പിൽ അറിയിച്ചു.