കുവൈറ്റ്: പ്രവാസികളെ മുഴുവൻ നാടുകടത്തണമെന്നാവശ്യപ്പെട്ട നടിക്കെതിരെ ആരാധകർ അടക്കം രംഗത്ത്. കുവൈറ്റ് നടിയായ ഹയാത്ത് അല്‍ ഫഹദിനെതിരെയാണ് സോഷ്യൽ മീഡിയയിൽ അടക്കം രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷൻ ചാനൽ നടത്തിയ ചർച്ചയിലായിരുന്നു നടിയുടെ വിവാദ പരാമർശങ്ങൾ. അസുഖം വന്നാൽ ആശുപത്രിയില്‍ പോകാൻ കഴിയുന്നില്ല. എല്ലായിടത്തും പ്രവാസികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അധികൃതർ ഇടപെട്ട് അവരെ നാട്ടിലേക്ക് മടക്കി അയക്കണമെന്നാണ് നടി ആവശ്യപ്പെട്ടത്.
പ്രതിസന്ധി ഘട്ടത്തിൽ ഇവർക്ക് നാടു വിട്ടു പൊയ്ക്കൂടേ ? സ്വന്തം രാജ്യത്തിന് വേണ്ടാത്തവരെ നമ്മൾ സംരക്ഷിക്കേണ്ട കാര്യമുണ്ടോയെന്നും ചോദിച്ച ഇവർ പ്രവാസികളെ മുഴുവൻ മരുഭൂമിയിൽ ഉപേക്ഷിക്കണമെന്നും പറഞ്ഞു. എന്നാൽ പിന്നാലെ തന്നെ നടിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. സ്വദേശികൾ അടക്കം ഇവർക്കെതിരെ രംഗത്തെത്തി.
മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത പരമർശങ്ങളാണ് നടി നടത്തിയതെന്നും പറഞ്ഞ വിമർശകർ പ്രവാസികളുടെ തൊഴില്‍ ബലത്തിലാണ് രാജ്യം മുന്നോട്ട് നീങ്ങുന്നതെന്നാണ് ഇവരെ ഓര്‍മിപ്പിച്ചത്.
പ്രസ്താവന വിവാദമായതോടെ നടി വിശദീകരണവുമായെത്തി. തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു വാദം. പക്ഷ തന്റെ വാക്കുകള്‍ താന്‍ ഉദ്ദേശിച്ച രീതിയിലല്ല പുറത്തുവന്നത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നും കൂട്ടിച്ചേർത്തു.