പ്രവാസികള്‍ക്ക് ആശ്വാസം; വായ്പാ തിരിച്ചടവിന് സാവകാശം നൽകി കുവൈറ്റിലെ ബാങ്കുകൾ

0
20

കുവൈറ്റ്: വായ്പാ തിരിച്ചടവുകൾക്ക് സാവകാശം പ്രഖ്യാപിച്ച് കുവൈറ്റിലെ ബാങ്കുകൾ. ലോണുകൾക്ക് പുറമെ ക്രെഡിറ്റ് കാര്‍ഡുകളുടെ പേയ്മെന്റ് തിരിച്ചടവിനും ഇളവ് നല്‍കിയിട്ടുണ്ട്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പാക്കിയ നിയന്ത്രണങ്ങൾ കടുത്ത പ്രതിസന്ധിയി ഉയർത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ ബാങ്കുകളുടെ തീരുമാനം പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസം തന്നെയാണ്.

ലോൺ തിരിച്ചടവിന് ആറുമാസത്തെ സാവകാശമാണ് ബാങ്കുകള്‍ നൽകിയിരിക്കുന്നത്. ഈ ഇളവ് കാലാവധിക്ക് പിഴയോ പലിശയോ ഈടാക്കില്ലെന്നും അറിയിപ്പുണ്ട്. ഗൾഫ്​ ബാങ്ക്​, സി.ബി.കെ, എൻ.ബി.കെ, കെ.എഫ്​.എച്ച്​, അഹ്​ലി ബാങ്ക്​ തുടങ്ങിയ പ്രധാന തദ്ദേശീയ ബാങ്കുകളെല്ലാം തന്നെ ഉപഭോക്​താക്കൾക്ക് പുതിയ തീരുമാനം സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് കുവൈറ്റിൽ നടപ്പിലാക്കിയിരിക്കുന്നത്. വൈകിട്ട് 11 മണിക്കൂര്‍ കര്‍ഫ്യൂവിന് പുറമെ വ്യാപാര സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. പൊതുഗതാഗത സംവിധാനം നിർത്തലാക്കിയതിനാൽ ടാക്സി ഡ്രൈവർമാരായ പ്രവാസികളുടെ അടക്കം വരുമാനമാർ‌ഗം നിലച്ചിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് ബാങ്കുകളിൽ നിന്ന് ആശ്വാസ പ്രഖ്യാപനം.