പ്രവാസികൾക്കായി 5 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ ആരംഭിക്കും

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ പ്രവാസികളുടെ ആരോഗ്യ പരിപാലനത്തിനായി രൂപീകരിച്ച ദമാൻ കമ്പനിയുടെ കീഴിൽ 5 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ ആരംഭിക്കും. അടുത്ത വർഷാവസാനത്തോടെ 600 രോഗികളെ കിടത്തി ചികിൽസിക്കാൻ ശേഷിയുള്ള ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് ഡയരക്റ്റർ ബോർഡ്‌ ചെയർമ്മാൻ മുത്‌ലക് ദാമൻ അൽ സനിയ അറിയിച്ചു.
2022 ന്റെ തുടക്കത്തോടെ ഇവയുടെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ധേഹം പറഞ്ഞു.ഫർവ്വാനിയ ദജീജിൽ തയ്യാറാക്കിയ പുതിയ പ്രാഥമിക കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാൾക്ക്‌ 130 ദിനാറാണു ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച പ്രതിവർഷ ഫീസ്‌ നിരക്ക്‌. ഇതിനു പുറമേ ഓരോ സന്ദർശ്ശനത്തിനും ഫീസ്‌ ഈടാക്കും. മറ്റു യാതൊരു വിധ അധിക നിരക്കും തങ്ങൾ ഈടാക്കില്ലെന്നും അദ്ദേഹം ഉറപ്പ്‌ നൽകി. അടുത്തമാസത്തോടെയാണ് രോഗികൾക്ക്‌ ഇവിടെ ചികിൽസ ലഭ്യമാക്കുക.
ഹവല്ലി, ഫർവ്വാനിയ എന്നിവിടങ്ങളിൽ ദമാൻ ആരംഭിച്ച ആരോഗ്യ കേന്ദ്രങ്ങളിൽ ഇതിനകം 5000 ൽ അധികം രോഗികൾ ചികിൽസ തേടിയതായും അദ്ദേഹം പറഞ്ഞു.