പ്രവാസികൾക്ക് ഇനി മുതൽ ഡ്രൈവിങ് ലൈസൻസ് കാർഡ് രൂപത്തിൽ ലഭിക്കും

0
11

കുവൈത്ത് സിറ്റി : രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാർഡ് രൂപത്തിൽ അനുവദിക്കുന്നത് പുനരാരംഭിക്കുവാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനായി 10 മുതൽ 30 ദിനാർ വരെ ഫീസ് ഈടാക്കുവാനുള്ള കാര്യവും പരിഗണനയിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അധിക ഫീസ് നൽകിയാലും ലൈസൻസ് കാലാവധി ഒരു വർഷത്തേക്ക് മാത്രമേ അനുവദിക്കുകയുള്ളൂ.വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് ഡിജിറ്റൽ രൂപത്തിലാക്കി പരിമിതപ്പെടുത്തി കൊണ്ട് കഴിഞ്ഞ വർഷമാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.എന്നാൽ മറ്റു രാജ്യങ്ങളിലേക്ക് കരമാർഗം വാഹനം ഓടിച്ചു പോകുന്നവർക്ക് ഇത് മൂലം ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.പല രാജ്യങ്ങളിലും ഡിജിറ്റൽ രൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയുകയും ഒറിജിനൽ ലൈസൻസ് കൈവശം വെക്കാത്തത്തിന്റെ പേരിൽ ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് കാർഡ് രൂപത്തിലുള്ള ലൈസൻസ് ആവശ്യപ്പെടുന്നവർക്ക് പ്രത്യേക ഫീസ് ചുമത്തി ഇവ വിതരണം ചെയ്യുന്ന കാര്യം മന്ത്രാലയം പരിഗണിക്കുന്നത്.എന്നാൽ നിലവിൽ ‘മൈ ഐഡന്റിറ്റി ‘ ആപ്പ് വഴിയുള്ള ഡ്രൈവിങ് ലൈസൻസുകൾ സാധുവായിരിക്കുമെന്നും,രാജ്യത്തെ സുരക്ഷാ ഗതാഗത പരിശോധന വേളയിൽ ഇവ സ്വീകാര്യമായിരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.