‘പ്രവാസികൾ കേരളത്തിന്റെ കരുത്ത്‌ :മുഖ്യമന്ത്രി

0
22

മുഖ്യമന്ത്രിയുടെ  ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം…

പ്രവാസിക്ഷേമകാര്യങ്ങളില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. എറണാകുളം എം ജി റോഡ് മെട്രോ സ്‌റ്റേഷന്‍ കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങില്‍ നോര്‍ക്ക റൂട്‌സിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.

പ്രവാസികള്‍ കേരളത്തിന്റെ കരുത്താണ്. അവര്‍ക്ക് സഹായകമാകുന്ന മാതൃകാപ്രവര്‍ത്തനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവാസി ക്ഷേമത്തിനായി പല പദ്ധതികളും നടത്തുന്നതോടൊപ്പം പുതിയവ ആവിഷ്‌കരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇവയെല്ലാം പ്രയോജനപ്പെടുത്തണം. അതിനാണ് സര്‍ക്കാര്‍ നോര്‍ക്കയിലൂടെ ശ്രമിക്കുന്നത്.

ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് നോര്‍ക്കയുമായി ബന്ധപ്പെടാനുള്ള വിപുലമായ സൗകര്യമാണ് നോര്‍ക്ക മിസ്ഡ് കോള്‍ പദ്ധതി. കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള നിരവധി പ്രവാസികളുണ്ട്. അവര്‍ക്ക് ആവശ്യമായ സഹായം ചെയ്യാനാണ് നോര്‍ക്ക ബിസിനസ് ഫെസിലിറ്റീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നിസ്സാര കേസുകളില്‍പെട്ട് വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസികളുടെ നിയമപരമായ മോചനത്തിനായി വിദേശമന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇത്തരം കേസുകളില്‍പെട്ടവര്‍ക്ക് നിയമസഹായം നല്‍കാനും നോര്‍ക്കയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ക്കുള്ള സാന്ത്വനം പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം 25 കോടി രൂപ സംസ്ഥാനത്ത് വിതരണം ചെയ്തു.

മടങ്ങിവരുന്ന പ്രവാസികളെ ചെറുകിട സംരംഭകരാക്കി നാടിന്റെ വികസനത്തില്‍ പങ്കാളികളാക്കുന്നതിന് വിവിധ ധനകാര്യസ്ഥാപനങ്ങളുമായി സഹകരിച്ച് വായ്പാസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. അസുഖം ബാധിച്ച് മടങ്ങിയെത്തുന്നവര്‍ക്ക് വീട്ടിലേക്കോ ആശുപത്രിയിലേക്കോ സുരക്ഷിതമായി എത്തുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് ആംബുലന്‍സ് സേവനം നല്‍കിവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡോക്ടര്‍, നേഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റു ഗാര്‍ഹിക ജോലിക്കാരായി പോകാനുദ്ദേശിക്കുന്നവര്‍ നോര്‍ക്കയുടെ സേവനം പ്രയോജനപ്പെടുത്തിയാല്‍ തട്ടിപ്പുകളില്‍നിന്ന്‌ രക്ഷ നേടാനാകും.

നെതര്‍ലാന്‍ഡ്‌സിലെ നിരവധി ഒഴിവുകളില്‍ നേഴ്‌സുമാരെ നിയമിക്കാന്‍ നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ നോര്‍ക്കയെ ഏല്‍പ്പിച്ചിട്ടുണ്ട്.

പ്രവാസി മലയാളികളെ നാടിന്റെ വികസനത്തില്‍ നേരിട്ട് പങ്കാളികളാക്കുന്ന ലോകകേരള സഭയുടെ രണ്ടാം സമ്മേളനം 2020 ജനുവരിയില്‍ നടക്കും. ഇതേ ലക്ഷ്യത്തോടെ സംസ്ഥാനത്ത് എന്‍ആര്‍ഐ നിക്ഷേപ കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. മാവേലിക്കരയില്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കാനും പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.