പ്രവേശനോത്സവങ്ങളോടെ കല കുവൈറ്റ് അവധിക്കാല മാതൃഭാഷ ക്ലാസ്സുകൾക്ക് തുടക്കമായി

0
22

കുവൈറ്റ് സിറ്റി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കുവൈറ്റിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രധാന സാംസ്കാരിക പ്രവർത്തനമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായ അവധിക്കാല ക്ലാസ്സുകൾക്ക് നാലു മേഖലകളിലും തുടക്കമായി. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചാണ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. അവധിക്കാല പഠന പ്രവർത്തനങ്ങളുടെ ഭാഗമായി അബ്ബാസിയ, അബു ഹലീഫ മേഖലകൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.

അബ്ബാസിയ കല സെന്ററിൽ ‘പൂക്കാലം’ എന്ന പേരിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ലോക കേരള സഭാംഗവും കല കുവൈറ്റ് ജനകീയ മാതൃഭാഷ കേന്ദ്ര സമിതിയംഗവുമായ ശ്രീ സാം പൈനുംമൂട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് മാതൃഭാഷ സമിതി ജനറൽ കൺവീനർ അനീഷ് കല്ലുങ്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി സൈജു ടികെ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ സജി, സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ ജോസഫ് പണിക്കർ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം സജിത സ്കറിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സൈജു ടികെ അദ്ധ്യാപകർക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. ഇരുനൂറോളം കുട്ടികളും രക്ഷകർത്താക്കളും കല കുവൈറ്റ് പ്രവർത്തകരും മാതൃഭാഷ സ്നേഹികളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കല കുവൈറ്റ് മേഖലാ സെക്രട്ടറി ശൈമേഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് അബ്ബാസിയ മേഖല മാതൃഭാഷ സമിതി കൺവീനർ കിരൺ കാവുങ്കൽ നന്ദി രേഖപ്പെടുത്തി.

അബു ഹലീഫ കല സെന്ററിൽ മേഖലയിലെ കലാകാരൻമാർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടുകൂടി തുടങ്ങിയ പ്രവേശനോത്സവം-‘ചങ്ങാതിക്കൂട്ടം‘ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ സജി ഉത്‌ഘാടനം ചെയ്തു. കല കുവൈറ്റ് അബുഹലീഫ മേഖല പ്രസിഡന്റ് നാസർ കടലുണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്റ് ടി വി ഹിക്മത്, മാതൃഭാഷ കേന്ദ്രസമിതി ജനറൽ കൺവീനർ അനീഷ് കല്ലുങ്കൽ, കല കുവൈറ്റ് അബുഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ്, മാതൃഭാഷ കേന്ദ്ര സമിതി അംഗം ജോസഫ് പണിക്കർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി. അബുഹലീഫയിലെ കലാകാരൻമാർ അവതരിപ്പിച്ച നാടൻപാട്ട് സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എംപി മുസഫർ, പ്രജോഷ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് മാതൃഭാഷ അബുഹലീഫ മേഖല കൺവീനർ ഓമനക്കുട്ടൻ സ്വാഗതവും ജോയിൻ കൺവീനർ വിജുമോൻ നന്ദിയും പറഞ്ഞു. കുവൈറ്റിന്റെ നാലു മേഖലകളിലും അവധിക്കാക്കാല മാതൃഭാഷ ക്ലാസ്സുകൾ ആരംഭിച്ചതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. ക്ലാസ്സുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് 50315696 (അബ്ബാസിയ, 50890404 (സാൽമിയ), 65092366 (ഫഹാഹീൽ), 65170764 (അബു ഹലീഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.