പൗരത്വ നിയമഭേദഗതിയിൽ ആശങ്ക: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കൽ നടപടികള്‍ നിർത്തിവച്ച് കേരളം‌‌‌

0
15

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ആശങ്കകൾ നില നിൽക്കുന്ന സാഹചര്യത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടിക്രമങ്ങൾ കേരളം നിർത്തിവച്ചു. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാനം ഇനി മുന്നോട്ട് പോകില്ലെന്ന കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കി. പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ കേരള സർക്കാർ, ജനസംഖ്യ രജിസ്റ്റർ പുതുക്കലുമായി മുന്നോട്ട് പോകുന്നത് വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ആ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്.

പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കനേഷുമാരി (സെന്‍സസ്)ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ ഒരു സ്ഥിതിവിവരക്കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, 2019 ലെ പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) തയ്യാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നത്.

ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്‍റെ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിൽ അറിയിച്ചു.