പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്നു: അടിയന്തിര യോഗം വിളിച്ച് അമിത് ഷാ

0
31

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ വസതിയിൽ വിളിച്ചു ചേര്‍ത്ത യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല എന്നിവര്‍ പങ്കെടുക്കും.

അതേസമയം പൗരത്വ ഭേദഗതിക്കെതിരെ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഡൽഹി, മുംബൈ,ഛണ്ഡീഗഡ്, ബംഗളൂരു, ചെന്നൈ തുടങ്ങി നിരവധിയിടങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. രാജ്യം ഏറ്റുപിടിച്ച പ്രതിഷേധങ്ങൾ തുടങ്ങി വച്ച ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികൾ ഇന്ന് ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് കനത്ത ജാഗ്രതിയിലായിരുന്നു. വൻ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്ന‌ത്. കർഫ്യു പ്രഖ്യാപിച്ചതിനാൽ കൂട്ടമായെത്തിയ വിദ്യാർഥികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. യാതൊരുവിധ പ്രതിഷേധങ്ങൾക്കും അനുമതി നൽകിയിട്ടില്ലെന്നറിയിച്ചായിരുന്നു വിദ്യാർഥികളെ നീക്കിയത്.

ജന്തർ മന്തിറിൽ പ്രതിഷേധിക്കാനെത്തിയ സിപിഎം നേതാക്കളോട് സമാന സമീപനം തന്നെയായിരുന്നു പൊലീസ് കാട്ടിയത്.ഇടതുമുന്നണി നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ എന്നിവരെയടക്കം അറസ്റ്റ് ചെയ്ത് നീക്കിയതും പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടി.