കൊല്ലം: പൗരത്വ ഭേദഗതിയെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ ഗൾഫിലെ ജോലി ഉപേക്ഷിക്കേണ്ടി വന്ന ഡോക്ടറെ സന്ദര്‍ശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തുന്നതിനിടെ ഖത്തറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അജിത് കുമാർ നിയമത്തെ അനുകൂലിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ശക്തമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.
സോഷ്യൽ മീഡിയ ആക്രമണം ശക്തമായ സാഹചര്യത്തിൽ ജോലി രാജിവച്ച് അജിത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഇയാളെ വീട്ടിലെത്തിയാണ് കുമ്മനം സന്ദര്‍ശിച്ചത്. അജിത് കുമാറിനെ സന്ദര്‍ശിച്ച വിവരം മുന്‍ മിസോറാം ഗവർണർ കൂടിയായ കുമ്മനം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിൽ ഒരു സംഘം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുകയും കുപ്രചരണം നടത്തുകയും ചെയ്തതിന്റെ ഫലമായി ഖത്തറിലെ സ്വകാര്യാശുപത്രിയില്‍നിന്ന് ജോലി ഉപേക്ഷിച്ചു മടങ്ങിയ ഡോക്ടര്‍ അജിത്കുമാറിനെ കരുനാഗപ്പള്ളിയിലെ വസതിയിലെത്തി സന്ദർശിച്ചു എന്നാണ് കുമ്മനം ഫേസ്ബുക്കിൽ കുറിച്ചത്.