ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടു നിന്നും ശബ്ദം ഉയരുകയാണെന്നും ഈ ശബ്ദം അടിച്ചമർത്താനാകില്ലെന്നും നടൻ കമൽ ഹാസൻ. നിയമത്തിനെതിരെ മദ്രാസ് ഐഐടിയിൽ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചു കൊണ്ടാണ് മക്കൾ നീതി മയ്യം തലവൻ കൂടിയായ കമലിന്റെ വാക്കുകൾ. പൗരത്വ ഭേദഗതിക്കെതിരെ രാജ്യമെങ്ങു നിന്നും ശബ്ദം ഉയരുകയാണ്. ഞാനും ശബ്ദം ഉയർത്തും. അതിനെ അടിച്ചമർത്താൻ ആർക്കും ആകില്ലെന്നായിരുന്നു പ്രതികരണം.
എന്നാൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് ഐഐടിയിലെത്തിയ കമലിനെ പൊലീസ് അകത്തേക്ക് കടത്തി വിട്ടില്ല. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗേറ്റിനു മുന്നിൽ തടഞ്ഞത്. ഒരു പാർട്ടി ആരംഭിച്ചത് കൊണ്ടു തന്നെ ഇവിടെയുണ്ടാകേണ്ടത് തന്റെ കടമയാണെന്നും പാർട്ടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ ശബ്ദം ഉയർത്തുക തന്നെ ചെയ്യുമെന്നായിരുന്നു ഇതിൽ കമൽ പ്രതികരിച്ചത്. പൗരത്വ നിയമ ഭേഗദതിക്കെതിരെ ഡിസംബര്‍ 23 ന് നടക്കുന്ന മഹാറാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം മക്കള്‍ നീതി മയ്യം അണിചേരുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.