പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം; പ്രക്ഷോഭത്തിനൊരുങ്ങി കേരളം

0
15

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യോജിച്ച പ്രക്ഷോഭം നടത്താൻ കേരളം. ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ കക്ഷികളും യോജിച്ചുള്ള പ്രക്ഷോഭത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബർ 16 ന് തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചിട്ടുണ്ട്.

മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണ് പുതിയ നീക്കത്തിലൂടെ കേന്ദ്രം നടത്തുന്നതെന്നാണ് ഭരണ-പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ഇതിനെതിരെ സംയുക്ത പ്രക്ഷോഭം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. സമരത്തിന് എല്ലാ ജനങ്ങളുടെയും പിന്തുണയും ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക്.

മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നത്. സാംസ്കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകും.

പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും സംഘപരിവാര്‍ അജണ്ടയ്ക്കു വിധേയമായി എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭത്തിനും ജനരോഷത്തിനും കാരണമായിരിക്കുകയാണ്. മതത്തിന്‍റെ പേരില്‍ പൗരന്മാരെ വേര്‍തിരിച്ച് വ്യത്യസ്ത തട്ടുകളിലാക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ ആശങ്ക പടരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നടപ്പാക്കാനാവാത്തതാണെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്‍റെ നിലനില്‍പ്പിന് ഭരണഘടനയും അതിന്‍റെ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. അതിനായുള്ള കേരളത്തിന്‍റെ ഒറ്റക്കെട്ടായ ശബ്ദമാണ് യോജിച്ച പ്രക്ഷോഭവേദിയില്‍ ഉയരുക. ഈ പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.